പാലക്കാട്: ആലത്തൂർ വീഴുമല കുടുങ്ങിക്കിടന്ന യുവാവിനെ വനംവകുപ്പ് രക്ഷപ്പെടുത്തിയത് സാഹസികമായി. കിണാശ്ശേരി തണ്ണീർപ്പന്തൽ സ്വദേശി അജിലാൽ (23) ആണ് വീഴുമലയിൽ വച്ച് കാണാതായത്. ഇന്നലെ വൈകുന്നേരത്തോടെയാണ് ഇയാളെ കാണാതായത്.

ഇയാളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫായി. ഫോൺ സ്വിച്ച് ഓഫാകുന്നതിന് മുൻപ് സുഹൃത്തുക്കളെ വിളിച്ചപ്പോഴാണ് യുവാവ് വീഴുമലയിൽ കുടുങ്ങിയ വിവരം പുറത്തറിഞ്ഞത്. തുടർന്ന് സുഹൃത്തുക്കൾ അറിയിച്ചതനുസരിച്ച് ആലത്തൂർ റെയ്ഞ്ചിലെ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു.

രാത്രി വൈകിയും നീണ്ടുനിന്ന തിരച്ചിലിനൊടുവിലാണ് കിലോമീറ്ററുകളോളം ഉൾക്കാട്ടിൽ അകപ്പെട്ട നിലയിൽ അജിലാലിനെ കണ്ടെത്തിയത്. വനത്തിനുള്ളിലേക്ക് അതിക്രമിച്ച് കയറിയതിനും മറ്റ് നിയമനടപടികൾക്കും യുവാവിനെതിരെ കേസെടുത്തതായി വനംവകുപ്പ് അറിയിച്ചു.