തിരുവനന്തപുരം: ഒക്‌ടോബർ മാസം മുതൽ വിഷപ്പാമ്പുകൾ ഇണചേരുന്ന കാലമാണ്. ഈ സമയങ്ങളിൽ പാമ്പ് കടിയേൽക്കാനുള്ള സാദ്ധ്യത കൂടുതലാണെന്നും, പൊതുവെ ശാന്തസ്വഭാവമുള്ള ഇനത്തിൽപ്പെടുന്ന പാമ്പുകൾ പോലും ഇണ ചേരൽക്കാലത്ത് അപകടകാരികളായി മാറും, അതിനാൽ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി വനംവകുപ്പ്. സംസ്ഥാനത്ത് ഒറ്റ മാസത്തിനിടെ പാമ്പ് കടിയേറ്റ് മരിച്ചത് എട്ടുപേരാണ്.

വെള്ളിക്കെട്ടൻപാമ്പ് ബ്രീഡിംഗ് കാലത്ത് മാത്രമാണ് പുറത്ത് വരാറുള്ളത്ത്. സാധാരണയായി ആളുകളുടെ കണ്ണിൽപ്പെടാതെ കഴിയുന്ന ഇവ ഇണചേരുന്നതിനായി പെൺപാമ്പുകളുടെ അടുത്തേയ്ക്ക് എത്തുന്നതിനായാണ് പുറത്തേയ്ക്ക് വരുന്നത്.

പൊതുവെ ആക്രമണ സ്വഭാവമില്ലാത്ത ഈ ഇനം പാമ്പുകൾ ഇണ ചേരുന്ന കാലയളവിൽ മനുഷ്യരെ കണ്ടാലും ആക്രമിക്കാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. ഈ സമയങ്ങളിൽ ആൺ പാമ്പുകൾ തമ്മിൽ ആക്രമിക്കാറുണ്ട്. ബ്രീഡിംഗ് കാലത്ത് പകൽ സമയങ്ങളിലും ഇവയെ ഒറ്റയ്ക്കും ജോഡിയായും കാണാറുണ്ട്.

ഒരു പാമ്പിനെ കണ്ട പരിസരത്തായി ഒന്നിലധികം പാമ്പുകൾ ഉണ്ടാകാനുള്ള സാദ്ധ്യതയും കൂടുതലാണ്. അതിനാൽ പാമ്പ് പിടിത്തക്കാർ അടക്കമുള്ളവരും ഇക്കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. വീടും പരിസരവും കാട് കയറാതെ സൂക്ഷിക്കുന്നതിൽ ശ്രദ്ധ വേണം.

പാമ്പ് കടിയേട്ടുണ്ടാകുന്ന മരണങ്ങൾ കൂടുതലും സംഭവിക്കുന്നത് ചികിത്സ വൈകുന്നതും അശാസ്‌ത്രീയ ചികിത്സ നടത്തുന്നതും കാരണമാണ്. ആശുപത്രികളിലും ഈ കാലയളവിൽ പ്രത്യേക കരുതലുണ്ടാവണമെന്ന് വനംവകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകി.