തൃശൂര്‍: കൊടുങ്ങല്ലൂരിന് സമീപം ശ്രീനാരായണപുരം പടിഞ്ഞാറെ വെമ്പല്ലൂര്‍ തീരത്ത് കടലില്‍നിന്ന് യുവാവിന്റെ മൃതദേഹം കണ്ടെത്തി. കരയില്‍നിന്ന് ഏകദേശം 18 കിലോമീറ്റര്‍ അകലെയുള്ള കടല്‍ പ്രദേശത്താണ് മൃതദേഹം കണ്ടെത്തിയത്. ദിവസങ്ങള്‍ പഴക്കമുള്ളതാണെന്ന് പ്രാഥമിക നിഗമനം. അഴീക്കോട് തീരദേശ പൊലീസ് സ്ഥലത്തെത്തി മൃതദേഹം കരത്തിലെത്തിച്ച് നടപടികള്‍ സ്വീകരിച്ചു. ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി സമീപത്തെ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. മൃതദേഹം ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.

ഇതിനിടെ, മലപ്പുറം ജില്ലയിലെ താനൂരില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് കാണാതായ ഒരാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. അതേസമയം, കൊടുങ്ങല്ലൂര്‍ കോട്ടപ്പുറത്ത് വഞ്ചി മറിഞ്ഞ് കാണാതായ മത്സ്യതൊഴിലാളിയെയും ഇതുവരെ കണ്ടെത്താനായിട്ടില്ല.

കണ്ടെത്തിയ മൃതദേഹം ഇവരില്‍ ആരുടെയെങ്കിലും ആയിരിക്കാമെന്ന സാധ്യതയെ അടിസ്ഥാനമാക്കി പൊലീസും തീരദേശ സുരക്ഷാ വിഭാഗവും പരിശോധനകള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. തിരിച്ചറിയലിനും മറ്റ് നിയമനടപടികള്‍ക്കുമായി അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.