മാവേലിക്കര: ഷെയർ ട്രേഡിങ് കമ്പനിയിൽ പണം നിക്ഷേപിച്ച് ലാഭമുണ്ടാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തിയ സംഘം ഒടുവിൽ പോലീസ് വലയിൽ കുടുങ്ങി. ആലപ്പുഴ പല്ലാരിമംഗലം സ്വദേശിയിൽനിന്നു പണം തട്ടിയെടുത്തെന്ന പരാതിയിൽ പ്രതികളെ കുറത്തികാട് പോലീസാണ് അറസ്റ്റ് ചെയ്തത്.

സംഘത്തിലെ മലപ്പുറം തിരൂരങ്ങാടി എം.എച്ച്. നഗറിൽ കല്ലിങ്കൽ വീട്ടിൽ അബ്ദുൽ ഹക്കീം, മല്ലാപ്പ് വീട്ടിൽ മുഹമ്മദ് അഷറഫ്, നിലമ്പൂർ ചന്തക്കുന്ന് ഇരശ്ശേരി വീട്ടിൽ അദ്‌നാൻ, ചന്തക്കുന്ന് പനോളി വീട്ടിൽ നിഷാൽ എന്നിവരാണ് പിടിയിലായത്.

വിവിധ സംസ്ഥാനങ്ങളിലെ ബാങ്ക് അക്കൗണ്ടുകൾ വഴി ഇവർ 15 ലക്ഷത്തോളം രൂപ വരെ തട്ടിയെടുത്തെന്നാണ്‌ പരാതി. ഇത്തരത്തിൽ തട്ടിപ്പ് നടത്തി ലഭിച്ച തുക ബാങ്ക് വഴിയും എടിഎം വഴിയും പിൻവലിച്ചു എന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്നും അവർക്കായുള്ള അന്വേഷണം ശക്തമാക്കിയതായും പോലീസ് പറഞ്ഞു.