ഇടുക്കി: ഓഫീസ് രേഖകളില്‍ കൃത്രിമം കാണിച്ച് പണം തട്ടിയ ആരോഗ്യ വകുപ്പ് ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തു. കുടയത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ക്ലാര്‍ക്ക് ഇ.കെ ഷെഫിനെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഷന്‍ഡ് ചെയ്തത്.
ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും ഈടാക്കുന്ന വായ്പ തിരിച്ചടവ് തുകയും ജന്‍ ഔഷധിയില്‍ നിന്നും ഇന്‍സുലിന്‍ വാങ്ങിയതിന്റെ പണവുമാണ് ബില്‍ മാനേജ്മെന്റ് സംവധാനത്തില്‍ തിരിമറി നടത്തി ഇയാള്‍ തട്ടിയെടുത്തത്.

തട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ ഓഫീസര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയത്.പ്രാഥമിക അന്വേഷണത്തില്‍ മൂന്ന് ലക്ഷത്തോളം രൂപയുടെ വെട്ടിപ്പ് കണ്ടെത്തി.

ബിംസിലൂടെ തട്ടിയെടുത്ത തുക ഇയാളുടെ ട്രഷറി അക്കൗണ്ടിലേക്ക് മാറ്റി.പിന്നീട് ഈ തുക വ്യാജ രേഖ ചമച്ച് ഇയാളുടെ സുഹൃത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. കൂടുതല്‍ തിരിമറികള്‍ നടത്തിയിട്ടുണ്ടോയെന്ന് വിശദമായ അന്വേഷണത്തിലൂടെ കണ്ടെത്താനാകൂവെന്നും അധികൃതര്‍ പറഞ്ഞു.