കോഴിക്കോട്: രാമനാട്ടുകരയിൽ നിന്നും പിടിയിലായത് യുവാക്കളെയും വിദ്യാര്‍ഥികളെയും ലക്ഷ്യമിട്ട് കോഴിക്കോട്ട് കഞ്ചാവ് വിതരണം പതിവാക്കിയ സംഘത്തിലെ പ്രധാനി. കാസര്‍കോട് ബദിയടുക്ക കോബ്രാജ വീട്ടില്‍ ജി സി ശ്രീജിത്ത്(30) ആണ് പോലീസിന്റെ പിടിയിലായത്. വില്‍പ്പനക്കായി ആവശ്യക്കാര്‍ക്ക് കഞ്ചാവ് കൈമാറാന്‍ ശ്രമിക്കുന്നതിനിടെ രാമനാട്ടുകര മേല്‍പ്പാലത്തിന് താഴെ വെച്ച് ഇയാൾ പിടിയിലായത്. പ്രതിയുടെ കയ്യിൽ നിന്നും രണ്ട് കിലോഗ്രാം കഞ്ചാവും പോലീസ് പിടികൂടി.

വിദ്യാര്‍ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് ഫറോക്ക്, രാമനാട്ടുകര എന്നിവിടങ്ങള്‍ ലഹരി മാഫിയ പ്രവര്‍ത്തിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് ശ്രീജിത്തിനെ കണ്ടെത്തിയത്.

കോഴിക്കോട് പല ഭാഗങ്ങളിലായി മുറിയെടുത്ത ശേഷം വാട്‌സാപ്പ് വഴി ആവശ്യക്കാരെ ബന്ധപ്പെട്ടും സിറ്റിയിലെ പല ഭാഗങ്ങളിലും കഞ്ചാവ് എത്തിച്ച് വില്‍പ്പന നടത്തി വരികെയാണ് പിടിയിലായത്. ഇതിനായി കാസര്‍കോട് നിന്നും വന്‍ തോതില്‍ ഇയാൾ കഞ്ചാവ് കടത്തിയിരുന്നു.

കോഴിക്കോട് സിറ്റി നാര്‍ക്കോട്ടിക്ക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ കെ എ ബോസിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് ടീമും ഫറോക്ക് എസ്‌ഐ ആര്‍ എസ് വിനയന്റെ നേതൃത്വത്തിലുള്ള ഫറോക്ക് പോലീസും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. പിടിയിലായ ശ്രീജിത്തിൽ നിന്നും സംഘത്തില്‍പ്പെട്ട നിരവധി പേരുടെ വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്. ഇവർക്കായുള്ള അന്വേഷണം പോലീസ് ആരംഭിച്ചിട്ടുണ്ട്.