തിരുവനന്തപുരം: അന്യസംസ്ഥാനത്ത് നിന്നും കഞ്ചാവ് കടത്തിയ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. വിഴിഞ്ഞം സ്വദേശി രാജു (48), ബാലരാമപുരം സ്വദേശി നാസുമുദീൻ (50) എന്നിവരെയാണ് പോലീസിന്റെ ഡാൻസാഫ് സംഘം പിടികൂടിയത്. ഇവരിൽ നിന്നായി 6.7 കിലോ കഞ്ചാവ് പിടിച്ചെടുത്തു. തിരുവനന്തപുരത്ത് വെച്ചാണ് ഇവരെ പൊലീസിൻ്റെ ഡാൻസാഫ് സംഘം പിടികൂടിയത്.

ഒഡിഷയിൽ നിന്ന് കഞ്ചാവ് വാങ്ങി ട്രെയിൻ മാർഗം തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലെത്തിയ പ്രതികൾ പോലീസിൽ പിടിവീഴാതിരിക്കാൻ രണ്ട് വ്യത്യസ്ത ബസുകളിലാണ് യാത്ര തുടർന്നത്. എന്നാൽ ഇവരെക്കുറിച്ച് നേരത്തെ തന്നെ പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് ഡാൻസാഫ് സംഘം പ്രതികളെ നിരീക്ഷിച്ചുവരികയായിരുന്നു. ബസിറങ്ങിയതിന് പിന്നാലെ ബാലരാമപുരത്തുവെച്ച് നാസുമുദീനെയും വിഴിഞ്ഞത്തുവെച്ച് രാജുവിനെയും പോലീസ് പിടികൂടി.

നാസുമുദീൻ്റെ കൈവശമുണ്ടായിരുന്ന ബാഗിൽ നിന്ന് 2.5 കിലോ കഞ്ചാവും രാജുവിൻ്റെ ബാഗിൽ നിന്ന് 4.2 കിലോ കഞ്ചാവുമാണ് കണ്ടെടുത്തത്. തങ്ങൾ കഞ്ചാവ് കച്ചവടക്കാരല്ലെന്നും 10,000 രൂപ പ്രതിഫലത്തിന് വേണ്ടി കഞ്ചാവ് കടത്തുന്ന ഇടനിലക്കാർ മാത്രമാണെന്നും പ്രതികൾ പോലീസിന് മൊഴി നൽകി. കോഴിക്കോട് സ്വദേശിയായ രാജു മുൻപ് കഞ്ചാവ് ഉപയോഗിച്ചതിന് പിടിയിലായിട്ടുണ്ട്. ആർക്കുവേണ്ടിയാണ് കഞ്ചാവ് എത്തിച്ചതെന്ന് കണ്ടെത്താൻ പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.