തിരുവനന്തപുരം: വിൽപനക്കായി സൂക്ഷിച്ചിരുന്ന 18 കിലോ കഞ്ചാവുമായി ഒരാളെ ഡാൻസാഫ് സംഘം പിടികൂടി. പോത്തൻകോട് അയണിമൂട് സ്വദേശി ശ്രീരാഗ് (33) ആണ് അറസ്റ്റിലായത്. കാര്യവട്ടം പേരൂർ ക്ഷേത്രത്തിന് സമീപമുള്ള വാടക വീട്ടിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. ആന്ധ്രാപ്രദേശിൽ നിന്നെത്തിച്ച കഞ്ചാവ് വാടക വീട്ടിലെ അലമാരയിലാണ് സൂക്ഷിച്ചിരുന്നത്.

ആവശ്യക്കാർക്ക് ഒരു കിലോ, രണ്ട് കിലോ എന്നിങ്ങനെ കഞ്ചാവ് എത്തിച്ചു നൽകുകയായിരുന്നു പ്രതി. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് തിരുവനന്തപുരം സിറ്റി ഡാൻസാഫ് സംഘം ദിവസങ്ങളായി ഈ വീട് നിരീക്ഷിച്ചു വരികയായിരുന്നു. ഇന്നലെ രാത്രി ശ്രീരാഗ് കഞ്ചാവുമായി പുറത്തിറങ്ങുന്നതിനിടെ സംഘം വീട് വളഞ്ഞ് ഇയാളെ പിടികൂടുകയായിരുന്നു. സംഭവത്തിൽ പ്രതിക്ക് പങ്കുണ്ടെന്ന് സംശയിക്കുന്ന മറ്റുള്ളവരെ കണ്ടെത്താനായി പൊലീസ് അന്വേഷണമാരംഭിച്ചു. കഴക്കൂട്ടം പോലീസിന് കൈമാറിയ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.