മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ വന്‍ മയക്കുമരുന്ന് വേട്ട. പതിനഞ്ച് കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികള്‍ പോലീസ് പിടിയില്‍. വെസ്റ്റ് ബംഗാള്‍ റാണിനഗര്‍ സ്വദേശി സാഗര്‍ മൊല്ല (26), നാദിയ സ്വദേശി ദിബാകര്‍ മണ്ഡല്‍ (30) എന്നിവരെയാണ് റൂറല്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും മൂവാറ്റുപുഴ പോലീസും ചേര്‍ന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി എം.ഹേമലതയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പള്ളിത്താഴത്ത് നിന്നു മാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

ബംഗാളില്‍ നിന്ന് തീവണ്ടിയില്‍ ആലുവയില്‍ ഇറങ്ങി അവിടെ നിന്ന് ഓട്ടോറിക്ഷയിലാണ് കഞ്ചാവുമായി കടന്നത്. അന്വേഷണ സംഘം പിന്തുടര്‍ന്നാണ് ഇവരെ പിടികൂടിയത്. കിലോ ഗ്രാമിന് ആയിരം രൂപയ്ക്ക് അവിടെ നിന്നും കഞ്ചാവ് വാങ്ങി ഇരുപത്തയ്യായിരം രൂപയ്ക്കാണ് ഇവിടെ വില്‍പ്പന നടത്തുന്നത്. ഇതര സംസ്ഥാനതൊഴിലാളികള്‍ക്കിടയില്‍ കഞ്ചാവ് എത്തിക്കുന്ന സംഘമാണ് പിടിയിലായത്. ഇവര്‍ ഇടയ്ക്ക് കേരളത്തില്‍ വന്നു പോകുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.

ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ നേതൃത്വത്തില്‍ നര്‍ക്കോട്ടിക്ക് സെല്‍ ഡി വൈ എസ് പി ജെ. ഉമേഷ് കുമാര്‍, മൂവാറ്റുപുഴ ഡി വൈ എസ് പി പി. എം ബൈജു, ഇന്‍സ്‌പെക്ടര്‍ ബേസില്‍ തോമസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. ഈ മാസം ആലുവയില്‍ 69 ഗ്രാം രാസ ലഹരിയുമായി മൂവാറ്റുപുഴ സ്വദേശി ബിലാല്‍ (21), അങ്കമാലിയില്‍ 19 ഗ്രാം രാസലഹരിയുമായി കോട്ടയം കങ്ങഴ സ്വദേശി അനന്ദു (26) എന്നിവരെ റൂറല്‍ പോലീസ് പിടികൂടിയിരുന്നു. ബംഗലുരുവില്‍ നിന്ന് അന്തര്‍സംസ്ഥാന ടൂറിസ്റ്റ് ബസിലാണ് രാസലഹരി കടത്തിയത്.