- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അസഹനീയമായ പുകയും, പൊടിയും, ദുർഗന്ധവും; നട്ടം തിരിഞ്ഞ് സമീപവാസി; ലൈസൻസില്ലാത്തതിനാൽ സ്റ്റോപ്പ് മെമ്മോ അയച്ചതായി പഞ്ചായത്ത് അധികാരികൾ; കഠിനംകുളത്തെ വെളുത്തുള്ളി സംസ്കരണ യൂണിറ്റ് പ്രവർത്തിക്കുന്നത് ചട്ടങ്ങൾ ലംഘിച്ച്
തിരുവനന്തപുരം: വീടിനോട് ചേർന്ന് അനധികൃതമായി വെളുത്തുള്ളി സംസ്കരണ യൂണിറ്റ് പ്രവർത്തിക്കുന്നതായി പരാതിയുണ്ടായിട്ടും പഞ്ചായത്ത് അധികാരികൾ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപണം. ചിറ്റാറ്റ്മുക്ക് കരിഞ്ഞ വയൽ സ്വദേശിനിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. സ്ഥാപനത്തിന്റെ പ്രവർത്തനം വീട്ടുകാരുടെ സ്വൈര്യ ജീവിതത്തെ ബാധിക്കുന്നതായി കഠിനംകുളം പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല എന്നാണ് ആരോപണം. എന്നാൽ സ്ഥാപനത്തിന് സ്റ്റോപ്പ് മൊമ്മോ നൽകിയതായാണ് പഞ്ചായത്ത് അധികാരികൾ പറയുന്നത്.
യൂണിറ്റിൽ നിന്നും വരുന്ന പുകയും, പൊടിയും, ദുർഗന്ധവും ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നതായും പരാതിക്കാരി ചൂണ്ടികാട്ടുന്നു. രാത്രി വളരെ വൈകിയും സ്ഥാപനം പ്രവർത്തിക്കുന്നതായാണ് വീട്ടുകാർ ആരോപിക്കുന്നത്. ഈ സമയങ്ങളിലുണ്ടാകുന്ന ദുർഗന്ധവും, പൊടിയും, പുകയും ഉറക്കത്തെ പോലും ബാധിച്ചതായാണ് പരാതിയിൽ പറയുന്നത്. യൂണിറ്റിന്റെ പ്രവർത്തനം കാരണം വീട്ടുകാർക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‍നങ്ങളാണ് നേരിടേണ്ടി വരുന്നത്. ഇവ ചൂണ്ടിക്കാട്ടിയായിരുന്നു പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയത്. നാല് മാസത്തോളമായി യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്.
ആദ്യഘട്ടത്തിൽ തന്നെ യൂണിറ്റിനെതിരെ പരാതി ഉയർന്നിരുന്നു. പോലീസ് ഇടപെട്ടതോടെ കുറച്ച് ദിവസങ്ങൾക്കകം യൂണിറ്റ് മാറ്റാമെന്നും നടത്തിപ്പുകാർ അവകാശപ്പെട്ടതായാണ് പരാതിക്കാരി പറയുന്നത്. എന്നാൽ യൂണിറ്റ് ഇപ്പോഴും പ്രവർത്തിക്കുന്നതായാണ് സൂചന. അതേസമയം, പരാതിയുടെ അടിസ്ഥാനത്തിൽ പഞ്ചായത്ത് നടത്തിയ പരിശോധനയിൽ യൂണിറ്റ് ലൈസൻസ് ഇല്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയതായാണ് കഠിനംകുളം പഞ്ചായത്ത് അധികാരികൾ പറയുന്നത്. യൂണിറ്റിന്റെ പ്രവർത്തനങ്ങൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റോപ്പ് മെമ്മോ അയച്ചതായും അധികാരികൾ വ്യക്തമാക്കുന്നു.