കോന്നി: കൂടല്‍ ഇഞ്ചപ്പാറ പാക്കണ്ടം ഭാഗത്ത് വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങി. ഇന്നലെ പുലര്‍ച്ചെയാണ് പുലി കൂട്ടിലായത്. രണ്ടാമത്തെ തവണയാണ് ഇവിടെ വനംവകുപ്പിന്റെ കെണിയില്‍ പുലി കുടുങ്ങുന്നത്. പുലി വീണ വിവരം നാട്ടുകാരാണ് വനംവകുപ്പ് അധികൃതരെ വിവരമറിയിച്ചത്. നടുവത്തുമൂഴി റേഞ്ച് ഓഫീസ്, പാടം ഫോറസ്റ്റ് സ്റ്റേഷന്‍, കോന്നി സ്ട്രൈക്കിങ് ഫോഴ്സ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ എത്തിയാണ് പുലിയെ പ്രത്യേക വാഹനത്തില്‍ കയറ്റിയത്. തുടര്‍ന്ന് ഗവിയിലെ ഉള്‍വനത്തില്‍ ഉച്ചയോടെ തുറന്നു വിട്ടു. ഇഞ്ചപ്പാറ, പാക്കണ്ടം എന്നിവിടങ്ങളില്‍ അനവധി വളര്‍ത്തു മൃഗങ്ങളെയാണ് കഴിഞ്ഞ നാളുകളില്‍ പുലി ആക്രമിച്ചു ഭക്ഷിച്ചത്.