തിരുവനന്തപുരം: ജര്‍മ്മന്‍ ഭാഷാ പ്രാവീണ്യ പരീക്ഷയുട പേരിൽ വിദ്യാർത്ഥികളിൽ നിന്നും വ്യാപകമായി പണം തട്ടി കൊള്ള ലാഭം കൊയ്യുന്ന ഏജൻസികൾ സജീവമാകുന്നു. പരീക്ഷയ്‌ക്കുള്ള അവസരം തരപ്പെടുത്തി നല്‍കാമെന്ന് വാഗ്‌ദാനം നൽകിയാണ് തട്ടിപ്പ്. പരീക്ഷകൾക്കായി നിശ്ചയിച്ചിട്ടുള്ള തുകയേക്കാൾ വിദ്യാർത്ഥികളിൽ നിന്നും ഈടാക്കിയാണ് ഏജൻസികൾ തട്ടിപ്പ് നടത്തുന്നത്. ഭാഷാ പ്രാവീണ്യ പരീക്ഷക്കായുള്ള അവസരമൊരുക്കി നൽകാമെന്ന് വാഗ്‌ദാനം നൽകി പണം തട്ടിയെന്ന പരാതിയിൽ കൊച്ചിയിലെ ഏജൻസികൾക്കെതിരേ നേരത്തെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ സംസ്ഥാനത്ത് ഒട്ടാകെ പല ഏജൻസികളുടെ കീഴിൽ സമാനമായ തട്ടിപ്പ് നടക്കുന്നതായാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്.

വിദ്യാർത്ഥികൾക്ക് പരീക്ഷകൾക്ക് അവസരമൊരുക്കി നൽകാമെന്ന് വിശ്വസിപ്പിച്ചാണ് നിയമവിരുദ്ധമായ തുക ഈടാക്കി തട്ടിപ്പ് നടത്തുന്നത്. നാല് മൊഡ്യൂളുകളിലായാണ് ജര്‍മ്മന്‍ ഭാഷാ പ്രാവീണ്യ പരീക്ഷ നടത്തുന്നത്. ഇതിനായി 6,254 രൂപയാണ് തിരുവനന്തപുരം, കൊച്ചി കേന്ദ്രങ്ങളിൽ പരീക്ഷയ്ക്കായി അടക്കേണ്ടത്. എന്നാൽ പരീക്ഷയ്‌ക്കുള്ള അവസരം നൽകുന്നതിന്റെ ഫീസായി ഏജൻസികൾ വിദ്യാർത്ഥികളിൽ നിന്നും തോന്നിയ പോലെയാണ് പണം ഈടാക്കുന്നത്. പരീക്ഷക്കായി അവസരം ലഭിക്കുമെന്ന് ഏജൻസികൾ ഉറപ്പ് നൽകുന്നതിനാലാണ് വിദ്യാർത്ഥികൾ കൊള്ളപ്പണം നൽകാൻ തയ്യാറാകുന്നത്. എന്നാൽ വാഗ്ദാന പ്രകാരം പരീക്ഷയ്ക്കായി അവസരം ലഭിക്കുന്നവരും അല്ലാത്തവരുമുണ്ട്. എന്നാൽ അനധികൃതമായി പണം ഈടാക്കുന്നതിനെതിരെ വിദ്യാർത്ഥികൾ നിയമ പോരാട്ടം നടത്തുന്നത് വളരെ വിരളമാണ്. ഇത് തങ്ങളുടെ ഭാവിയെ കുറിച്ചോർത്ത് കൂടിയാണെന്നാണ് വിദ്യാർത്ഥികൾ അവകാശപ്പെടുന്നത്.

പരീക്ഷയ്ക്കായി നിശ്ചയിച്ചിരിക്കുന്ന 6,254 എന്ന തുകയ്ക്ക് പകരം 19,000 രൂപ വരെ ഏജൻസികൾ കൈപ്പറ്റുന്നതായാണ് അറിയാൻ കഴിയുന്നത്. ഇവിടെ പരീക്ഷയ്ക്കായി അവസരം ലഭിക്കാത്ത വിദ്യാർത്ഥികൾ ഒമാൻ, തായ്‌ലൻഡ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലും പോയി ജര്‍മ്മന്‍ ഭാഷാ പ്രാവീണ്യ പരീക്ഷകളിൽ പങ്കെടുക്കാറുണ്ടെന്നാണ് വിവരം. വിദ്യാർത്ഥികൾ പരീക്ഷ എഴുതാൻ ഉദ്ദേശിക്കുന്ന കേന്ദ്രങ്ങളുടെ ഡിമാൻഡ് കൂടുതലാണെന്നും, ഒരുപാട് വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്യുന്നതിനാൽ അവസരം കിട്ടാൻ ബുദ്ധിമുട്ടാണെന്നുമുള്ള വിശദീകരണങ്ങൾ നൽകി തെറ്റിധരിപ്പിച്ചാണ് ഏജന്റുമാർ അധിക തുക ഈടാക്കുന്നത്. ആദ്യമായി ജർമ്മൻ ഭാഷാപ്രാവീണ പരീക്ഷക്കായി തയ്യാറെടുക്കുന്ന വലിയൊരു ശതമാനം വിദ്യാർത്ഥികൾക്കും ടെസ്റ്റിനായുള്ള നിയമപരമായ ഫീസിനെ കുറിച്ചുള്ള അറിവുണ്ടാകണമെന്നില്ല. ഇവർ ആദ്യം ബന്ധപ്പെടുന്നതും ഇത്തരം ഏജന്റുമാരെയാകും. ഈ അവസരമാണ് ഏജൻസികൾ മുതലെടുക്കുന്നതും.

ഈ വർഷം ഏപ്രിലിലാണ് ജർമനിയിലേക്കുള്ള അടുത്ത അഡ്മിഷൻ ആരംഭിക്കുന്നത്. ഇതിനായുള്ള തയ്യാറെടുപ്പിലാണ് വിദ്യാർത്ഥികൾ. കാനഡ, യു കെ പോലുള്ള രാജ്യങ്ങളിൽ കുടിയേറ്റവുമായി ബന്ധപ്പെട്ടുണ്ടായ പ്രതിസന്ധികൾ ഇന്ത്യൻ വിദ്യാർത്ഥികളെ കൂടുതലായി ജർമനിയിലേക്ക് ആകർഷിക്കുന്നുണ്ട്. നഴ്സിംഗ് ഔസ്ബിൽഡംഗ് എന്ന കോഴ്‌സാണ് ജർമനിയിലേക്ക് പഠിക്കാൻ പോകുന്ന വലിയൊരു ശതമാനം വിദ്യാർത്ഥികളും തിരഞ്ഞെടുക്കുന്നത്. പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥികൾ ഈ കോഴ്സിനായി കൂടുതൽ ശ്രമിക്കുന്നുണ്ട്. ഈ കോഴ്സിന് ചേരുന്ന കുട്ടികൾക്ക് പഠിക്കുന്നതിനോടൊപ്പം നഴ്സിംഗ് ജോലി ചെയ്യാനും പണം സമ്പാദിക്കാനും സാധിക്കും. വിദ്യാർത്ഥികളെ സംബന്ധിച്ച് ഇത് വലിയൊരു അവസരമായാണ് കണക്കാക്കുന്നത്. എന്നാൽ ഈ സാഹചര്യത്തെ മുതലെടുത്താണ് ഏജൻസികളുടെ പകൽകൊള്ള.