സുൽത്താൻ ബത്തേരി: നീലഗിരിയിലെ പ്രശസ്തമായ മുതുമല വന്യജീവി സങ്കേതത്തിലൂടെ ഒഴുകുന്ന മായാർ നദിയിൽ മുതലകളുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്ന് വിനോദസഞ്ചാരികൾക്ക് വനംവകുപ്പ് കർശന ജാഗ്രതാ നിർദ്ദേശം നൽകി. കൂറ്റൻ മുതല നദിക്കരയിൽ വിശ്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ തമിഴ്‌നാട് വനംവകുപ്പ് പുറത്തുവിട്ടിട്ടുണ്ട്.

വേനൽ കടുത്തതോടെ പുഴയിലെ നീരൊഴുക്ക് കുറഞ്ഞതാണ് മുതലകൾ തീരത്തേക്ക് അടുക്കാൻ കാരണം. ഈ സാഹചര്യത്തിൽ നദി കാണാനെത്തുന്നവർ അപകടസാധ്യത അവഗണിച്ച് വെള്ളത്തിലിറങ്ങുന്നത് വലിയ ദുരന്തങ്ങൾക്ക് വഴിവെച്ചേക്കാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.