കല്‍പ്പറ്റ: വയനാട്ടില്‍ പനി ബാധിച്ച് ഭിന്നശേഷിക്കാരിയായ വിദ്യാര്‍ത്ഥിനി മരണപ്പെട്ടു. പുല്‍പ്പള്ളി കൊട്ടമുരട്ട് ഉന്നതിയിലെ അമ്മിണിയുടെ മകള്‍ മീന (17) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെ പുല്‍പ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ വിദ്യാര്‍ത്ഥിനിയെ പ്രവേശിപ്പിക്കുകയായിരുന്നു. പുല്‍പ്പള്ളി കൃപാലയ സ്പെഷ്യല്‍ സ്‌കൂളില്‍ വിദ്യാര്‍ഥിനിയാണ് മരിച്ച മീന. രണ്ട് മണിക്കൂറിന് ശേഷം കുട്ടി മരണപ്പെടുകയായിരുന്നുവെന്നാണ് വിവരം. എന്നാല്‍ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് കൊണ്ടുപോകാന്‍ വൈകിയതായി ബന്ധുക്കള്‍ പരാതിപ്പെട്ടു.

കുട്ടി മരിച്ച ഉടനെ ബന്ധുക്കള്‍ പുല്‍പ്പള്ളി പോലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചെങ്കിലും ഇവര്‍ താമസിക്കുന്ന സ്ഥലം കേണിച്ചിറ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ആണെന്നും അവിടെ വിളിച്ച് പറയാന്‍ പറഞ്ഞതായി ബന്ധുക്കള്‍ പറയുന്നു. പിന്നീട് ബന്ധുക്കളില്‍ ചിലര്‍ കേണിച്ചിറ പോലീസ് സ്റ്റേഷനില്‍ നേരില്‍ പോയി വിവരം അറിയിച്ചുവെങ്കിലും വൈകിട്ട് ആറുമണി കഴിഞ്ഞാണ് കേണിച്ചിറ സ്റ്റേഷനില്‍ നിന്നും അധികൃതര്‍ എത്തിയതെന്നാണ് ആരോപണം.

ആറരയോടെ ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ച് രാത്രി എട്ട് മണിക്ക് ശേഷമാണ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി സുല്‍ത്താന്‍ബത്തേരി ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്നും ബന്ധുക്കള്‍ പരാതിപ്പെട്ടു.