തിരുവനന്തപുരം: ജനാധിപത്യ പ്രകിയയില്‍ മികച്ച മാതൃകകള്‍ തീര്‍ക്കുന്ന കേരളം നൂറ് ശതമാനം സമ്മതിദാന അവകാശം വിനിയോഗിക്കുന്ന ആദ്യ സംസ്ഥാനമായി മാറണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. ദേശീയ വോട്ടര്‍ ദിനാചരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരം കനകക്കുന്നില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.

ജനാധിപത്യത്തോടും വോട്ടിംഗിനോടും എല്ലാക്കാലവും പ്രതിബദ്ധത കാട്ടിയ ജനങ്ങളാണ് സംസ്ഥാനത്തുള്ളത്. ഇതിനായി നിതാന്ത പരിശ്രമം നടത്തുന്ന ബൂത്ത് തലം വരെയുള്ള ഉദ്യോഗസ്ഥരെ ഈ വേളയില്‍ അഭിനന്ദിക്കുന്നു. ലോകത്ത് ഒരു രാജ്യത്തിനും ചിന്തിക്കാന്‍ കഴിയാത്ത ബൃഹത്തായ ജനാധിപത്യ ക്രമമാണ് ഇന്ത്യക്കുള്ളത്. സ്വാതന്ത്ര്യ പ്രഖ്യാപന വേളയില്‍ ബ്രിട്ടനില്‍ ഉണ്ടായ പ്രധാന സംവാദങ്ങളിലൊന്ന് ഇന്ത്യക്ക് ജനാധിപത്യം അര്‍ഹിക്കുന്നില്ല എന്നതായിരുന്നു.

വികസനമറിയാത്ത പാവങ്ങളായ ഗ്രാമവാസികള്‍ക്കിടയിലേക്ക് ജനാധിപത്യത്തിനെക്കുറച്ചും വോട്ടിംഗിനെക്കുറിച്ചുമുള്ള അറിവെത്തിയിട്ടില്ല എന്നതായിരുന്നു പ്രധാന വാദം. നമ്മള്‍ സ്വാതന്ത്ര്യം അര്‍ഹിക്കുന്നുവെന്ന് കാലം തെളിയിച്ചു. രാജ്യം റിപ്പബ്ലിക് ആയതിനു ശേഷമുള്ള 75 വര്‍ഷങ്ങളില്‍ ആധുനിക ഇന്ത്യയുടെ രൂപീകരണത്തോടൊപ്പം നമ്മുടെ ജനാധിപത്യവും ശക്തമായി. കാലഘട്ടത്തിനനുസരിച്ചുള്ള പരിഷ്‌ക്കാരങ്ങളുമായി തെരഞ്ഞെടുപ്പ് കമീഷന്‍ ജനങ്ങള്‍ക്ക് മുഴുവന്‍ പിന്തുണയും നല്‍കുന്നു.

ഇന്ന് മുതിര്‍ന്നവര്‍ക്കും ശാരീരിക അവശതകളുള്ളവര്‍ക്കും വീടുകളില്‍ തന്നെ വോട്ടിംഗ് സൗകര്യമൊരുക്കിയത് മാതൃകാ നടപടിയാണ്. വൈകാരികമായി ജനാധിപത്യ പ്രക്രിയയില്‍ ഇടപെടുന്ന ജനത എന്ന നിലയില്‍ എന്നും വോട്ടിംഗിലെ നവീനതകളെ ഇരു കൈയും നീട്ടി കേരളം സ്വീകരിച്ചു. രാജ്യത്ത് ആദ്യ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ ഉപയോഗിച്ചത് കേരളത്തിലാണെന്നത് ശ്രദ്ധേയമാണ്.

പുതിയ വോട്ടര്‍മാര്‍മാരെ സംബന്ധിച്ചടുത്തോളം മികച്ച സര്‍ക്കാരിനെയും സ്ഥാനാര്‍ഥികളെയും തെരഞ്ഞെടുക്കുന്ന പ്രക്രിയയില്‍ വിവേകത്തോടെ വോട്ടിംഗിനെ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. വോട്ടിംഗ് പ്രക്രിയക്ക് വിദ്യാഭ്യാസം ആവശ്യമുണ്ട്. സ്ഥാനാര്‍ഥികളെ താരതമ്യപ്പെടുത്തല്‍, മികച്ചതിനെ തെരഞ്ഞെടുക്കല്‍ എന്നിവയാണ് അതിലെ ഘടകങ്ങള്‍. അതേ സമയം നോട്ടക്കുള്ള വോട്ട് കടമയില്‍ നിന്നുള്ള ഒളിച്ചോട്ടമാണോ എന്ന് വോട്ടര്‍മാര്‍ പരിശോധിക്കണം.

നമുക്ക് താല്‍പര്യമുള്ള സര്‍ക്കാര്‍ നിലവില്‍ വരുന്നതിനുള്ള അവസരം പരമാവധി ഉപയോഗിക്കുകയാണ് വേണ്ടത്. വോട്ടേഴ്സ് ദിനത്തോടനുബന്ധിച്ച് ഇവിടെ നടക്കുന്ന പ്രദര്‍ശനം എല്ലാവരും കാണണമെന്നഭ്യര്‍ത്ഥിക്കുകയാണ്. നമ്മുടെ ജനാധിപത്യത്തിന്റെ ചരിത്രം ഓരോരുത്തരിലേക്കും എത്തേണ്ടതുണ്ട്. സാധാരണ മനുഷ്യരുടെ നേട്ടങ്ങളാണ് ഈ പ്രദര്‍ശനത്തിന്റെ പ്രധാന ആകര്‍ഷണമെന്നും ഗവര്‍ണര്‍ പറഞ്ഞു. ഏറെ സന്തോഷത്തോടെ വരുന്ന തെരഞ്ഞെടുപ്പില്‍ കേരളത്തിലാകും തന്റെ സമ്മതിദാന അവകാശം രേഖപ്പെടുത്തുകയെന്നും ഗവര്‍ണര്‍ പറഞ്ഞു.

കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രമുള്‍ക്കൊള്ളുന്ന ഫോട്ടോ പ്രദര്‍ശനം, ഡിജിറ്റല്‍ ആര്‍ക്കൈവ്‌സ്, സൊല്യൂഷന്‍ എന്നിവയുടെ ഉദ്ഘാടനവും ഗവര്‍ണര്‍ നിര്‍വഹിച്ചു. തെരഞ്ഞെടുപ്പിന്റെ വിവിധ മേഖലകളില്‍ സ്തുത്യര്‍ഹമായ സംഭാവന നല്‍കിയവര്‍ക്കുള്ള പുരസ്‌കാരങ്ങളും ഗവര്‍ണര്‍ ചടങ്ങില്‍ വിതരണം ചെയ്തു.

ചീഫ് ഇലക്ടറല്‍ ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍ സ്വാഗതമാശംസിച്ച ചടങ്ങില്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ മുഖ്യപ്രഭാഷണം നടത്തി. തെരഞ്ഞെടുപ്പ് കമീഷണര്‍ എ. ഷാജഹാന്‍ ആശംസയും കലക്ടര്‍ അനുകുമാരി നന്ദിയും അറിയിച്ചു. 2011 മുതല്‍ വര്‍ഷം തോറും ജനുവരി 25 നാണ് ദേശീയ വോട്ടര്‍ ദിനം ആചരിക്കുന്നത്. ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതില്‍ ഓരോ വോട്ടിന്റെയും പ്രാധാന്യം ഉയര്‍ത്തിക്കൊണ്ട് ഇന്ത്യ ദേശീയ വോട്ടര്‍ ദിനം ആചരിക്കുന്നു.

1950 ജനുവരി 25 ന് സ്ഥാപിതമായ ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ സ്ഥാപക ദിനത്തോടനുബന്ധിച്ചാണ് ഈ ദിനം ആചരിക്കുന്നത്. വോട്ടിന് സമാനമായി ഒന്നുമില്ല, ഞാന്‍ ഉറപ്പായും വോട്ട് ചെയ്യുന്നു' എന്നതാണ് ഇത്തവണത്തെ ആശയം. കഴിഞ്ഞ വര്‍ഷത്തെ പ്രമേയത്തിന്റെ തുടര്‍ച്ചയാണിത്. തെരഞ്ഞെടുപ്പ് പ്രക്രിയയിലെ പങ്കാളിത്തത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും വോട്ടര്‍മാരുടെ അവകാശം വിനിയോഗിക്കുന്നതില്‍ അഭിമാനിക്കാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ പ്രമേയത്തിന്റെ അടിസ്ഥാനം.