തിരുവനന്തപുരം: കഴക്കൂട്ടത്ത് ഗുണ്ടാ ആക്രമണത്തില്‍ ഹോട്ടല്‍ ജീവനക്കാരന് വെട്ടേറ്റു. ഇന്നലെ രാത്രി പതിനൊന്നരയോടെ കഴക്കൂട്ടം ജംഗ്ഷനിലെ കല്‍പ്പാത്തി ഹോട്ടലിലായിരുന്നു ആക്രമണം. ഹോട്ടല്‍ ജീവനക്കാരനായ വെഞ്ഞാറമൂട് സ്വദേശി തൗഫീഖ് റഹ്‌മാന് (23) കൈയ്ക്കാണ് വെട്ടേറ്റത്.

ബോംബേറുള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കഴക്കൂട്ടം സ്വദേശി വിജീഷ്, സഹോദരനായ വിനീഷ് എന്നിവരാണ് ആക്രമണം നടത്തിയത്. വിജീഷ് പല കേസുകളിലും പ്രതിയാണ്. തിരുവനന്തപുരത്ത് യുവാവിനെ ബേംബറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ച പ്രതിയാണ് വിജീഷ്. ജയില്‍ ശിക്ഷ കഴിഞ്ഞ ഇറങ്ങി നാലാം നാള്‍ വീണ്ടും ആക്രമണത്തിന് പദ്ധതി ഇട്ടതിന് ഇയാളെ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തിരുന്നു. വെട്ടുകത്തി, വടിവാള്‍, മഴു തുടങ്ങിയ ആയുധങ്ങള്‍ ഇവരില്‍ നിന്നും പിടിച്ചടുത്തിട്ടുണ്ട്.

കഴക്കൂട്ടം തുമ്പ കഠിനംകുളം സ്റ്റേഷനുകളില്‍ വധശ്രമമടക്കമുള്ള നിരവധി കേസുകളില്‍ പ്രതികളാണ് ഇവര്‍. അക്രമം നടത്തിയ ശേഷം രക്ഷപ്പെട്ട പ്രതികളെ ഉടന്‍ തന്നെ പൊലീസ് പിടികൂടി. ഒരാഴ്ച മുന്‍പ് വിനീഷ് മദ്യപിച്ച് ഹോട്ടലിലെത്തി പണം ആവശ്യപ്പെട്ട് തര്‍ക്കമുണ്ടായിരുന്നു. ഇതിന്റെ വിരോധത്തിലാണ് ഇപ്പോഴത്തെ ആക്രമണമെന്ന് പൊലീസ് പറയുന്നു.

വിഴിഞ്ഞം പദ്ധതിയുടെ ഭാഗമായി പ്രദേശത്തെ റിയല്‍ എസ്റ്റേ് കച്ചവടങ്ങളില്‍ താല്‍പര്യപ്പെട്ട് ഗുണ്ടാ സംഘങ്ങള്‍ക്ക് സജീവമാക്കുന്നതിനായി അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ പോലീസ് പെട്രോളിങ് വളരെയധികം കര്‍ശനമാക്കിയിരുന്നു. തിരുവനന്തപുരം നഗരത്തില്‍ ഗുണ്ടാ വിളയാട്ടം അതിരൂക്ഷമാണ്. സര്‍വീസിലെ ചില പോലീസുകാര്‍ തന്നെയാണ് ഗുണ്ടകളെ രക്ഷിക്കുന്നെതെന്നും വിമര്‍ശനങ്ങള്‍ പുറത്ത് വന്നിരുന്നു. കഴിഞ്ഞ ദിവസം ഗുണ്ടാ നേതാവിന്റെ സഹോദരിയുടെ പിറന്നാള്‍ ദിനം ആഘോഷിച്ചത് തടയാന്‍ എത്തിയ പോലീസുകാര്‍ക്ക് നേരെയും ഗുണ്ടകളുടെ ആക്രമണം ഉണ്ടായിരുന്നു.