കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ച ഹര്‍ത്താലിനിടെ സംഘര്‍ഷം. സ്വകാര്യ ബസ് തടയാന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയത് ബസ് ജീവനക്കാരും പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റത്തിന് കാരണമായി. ഉന്തും തള്ളിലേക്കുംവരെ കാര്യങ്ങളെത്തി. ജീവനക്കാരും യാത്രക്കാരും പ്രതിഷേധിച്ചതോടെ പോലീസ് ഇടപെട്ടു. ഇതോടെ, പോലീസിനെതിരെയായി പ്രവര്‍ത്തകരുടെ രോഷം. പിന്നീട് ബസ് സര്‍വ്വീസ് നിര്‍ത്തുകയും ചെയ്തു. ചേവായൂര്‍ സര്‍വീസ് സഹകരണം ബാങ്ക് തിരഞ്ഞെടുപ്പിലുണ്ടായ പരാജയത്തെത്തുടര്‍ന്നാണ് കോണ്‍ഗ്രസ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത്.

പുലര്‍ച്ചെ ആറിന് ആരംഭിച്ച ഹര്‍ത്താല്‍ സമാധാനപരമായിരുന്നു. നഗരങ്ങളില്‍ വാഹനങ്ങളോടുകയും കടകള്‍ തുറക്കുകയും ചെയ്തു. രാവിലെ പത്തോടെയാണ് പ്രവര്‍ത്തകര്‍ ബസ് തടയാനും കടകള്‍ അടയ്ക്കാനും രംഗത്തെത്തിയത്. ഇതോടെ, കടകളെല്ലാം അടച്ചു. അതേസമയം, പോലീസിനെ അധിക്ഷേപിച്ച് ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍ രംഗത്തെത്തി. 'പോലീസ് ഇവിടെ ശിഖണ്ഡികളായി മാറിയിരിക്കുന്നു. മിസ്റ്റര്‍ അസിസ്റ്റന്റ് കമ്മിഷണര്‍, ഞങ്ങളുടെ അടുത്ത് വേണ്ട. അതിന് ശ്രമിച്ചാല്‍ ആ കൈ പൊള്ളിയിരിക്കും. കോഴിക്കോട്ടെ കോണ്‍ഗ്രസാണ് പറയുന്നത്', എന്ന് പ്രവീണ്‍കുമാര്‍ പറഞ്ഞു.

ബാങ്ക് തിരഞ്ഞെടുപ്പിലുണ്ടായ സിപിഎം അതിക്രമത്തിലും പോലീസ് നിഷ്‌ക്രിയത്വത്തിലും പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.