തിരുവനന്തപുരം: കേരളത്തിൽ വീണ്ടും താപനില മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്നും നാളെയും സംസ്ഥാനത്ത് ചൂട് വർധിക്കാൻ സാധ്യതയുണ്ടെന്നും വിവിധ ജില്ലകളിൽ താപനില 36°C മുതൽ 39°C വരെ ഉയരുമെന്നും മുന്നറിയിപ്പിൽ പറയുന്നു. പാലക്കാട് ജില്ലയിലാണ് ഏറ്റവും ഉയർന്ന താപനിലയായ 39°C പ്രതീക്ഷിക്കുന്നത്. സാധാരണയെക്കാൾ 2 മുതൽ 3°C വരെ താപനില കൂടാൻ സാധ്യതയുള്ളതിനാൽ 12 ജില്ലകളിൽ അതീവ ജാഗ്രത നിർദേശിച്ചിട്ടുണ്ട്.

പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും, കൊല്ലം, കോട്ടയം, തൃശൂർ ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാം. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കണ്ണൂർ ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും, തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. മലയോര മേഖലകളൊഴികെ ഈ ജില്ലകളിൽ ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥ അനുഭവപ്പെടാൻ സാധ്യതയുണ്ട്.

രാവിലെ 10 മണി മുതൽ വൈകുന്നേരം 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ഈ സമയങ്ങളിൽ നേരിട്ട് ശരീരത്തിൽ സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് നിർദേശമുണ്ട്. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ഏൽക്കുന്നത് സൂര്യാതപം, ത്വക്ക് രോഗങ്ങൾ, നേത്രരോഗങ്ങൾ, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമായേക്കാം.