കണ്ണൂർ: കണ്ണൂര്‍ കൂത്തുപറമ്പ് കണ്ടേരിയില്‍ മുള്ളൻപന്നി ആക്രമണത്തിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് പരിക്ക്. കണ്ടേരി സ്വദേശി മുഹമ്മദ് ശാദിലിനാണ് പരിക്കേറ്റത്. പുലർച്ച അഞ്ച് മണിയോടെയാണ് ആക്രമണമുണ്ടായത്. കുട്ടിയുടെ ശരീരത്തില്‍ പന്ത്രണ്ട് മുള്ളുകള്‍ തറച്ചുകയറിയെന്നാണ് വിവരം.

പിതാവ് താജുദ്ദീനൊപ്പം സ്കൂട്ടറിൽ പള്ളിയിലേക്ക് പോകവേയാണ് ആക്രമണമുണ്ടായത്. മുള്ളൻ പന്നി റോഡിന് കുറുകെ ചാടിയതിന് പിന്നാലെ നിയന്ത്രണം വിട്ട സ്കൂട്ടർ മറിയുകയായിരുന്നു. സ്‌കൂട്ടര്‍ ഉപേക്ഷിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് മുള്ളന്‍പന്നി ആക്രമിച്ചത്. ആക്രമണത്തിൽ മുള്ളുകള്‍ ശാദിലിന്റെ ദേഹത്തേക്ക് തുളച്ചു കയറി.

പന്ത്രണ്ടോളം മുള്ളുകളാണ് ശരീരത്തിൽ തുളച്ച് കയറിയത്. ഇടത് കൈപ്പത്തിയിൽ മുള്ള് ആഴത്തിൽ കയറി. കയ്യില്‍കൊണ്ട മുള്ളുകളില്‍ ചിലത് തുളഞ്ഞ് മറുവശത്ത് എത്തിയിരുന്നു. തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുഹമ്മദ് ശാദിലിന്റെ കയ്യില്‍നിന്ന് മുള്ളുകള്‍ നീക്കംചെയ്തു.