തിരുവനന്തപുരം: ഹേമകമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്ന കാര്യത്തില്‍ തങ്ങള്‍ക്കാര്‍ക്കും ഒരു റോളുമില്ലെന്നും ഉത്തരവാദപ്പെട്ട സാംസ്‌കാരിക വകുപ്പ് പബ്ലിക് റിലേഷന്‍ ഉദ്യോഗസ്ഥയാണ് തീരുമാനിക്കേണ്ടതെന്നും സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് തന്നെയാണ് സര്‍ക്കാര്‍ നിലപാടെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ദിവസം പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് അദ്ദേഹം ഇന്നും മാധ്യമങ്ങളോട് ആവര്‍ത്തിച്ചത്.

സിനിമ മേഖലയില്‍ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനെതിരെ നടി രഞ്ജിനി നല്‍കിയ അപ്പീല്‍ ഹൈകോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയിരുന്നു. ഇതോടെ ഏറെ വിവാദമായ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ന് 2.30നുള്ളില്‍ പുറത്ത് വിട്ടേക്കുമെന്നാണ് സാംസ്‌കാരിക വകുപ്പ് നല്‍കുന്ന സൂചന.

നേരത്തെ ശനിയാഴ്ച റിപ്പോര്‍ട്ട് പുറത്തുവിടുമെന്നായിരുന്നു സാസ്‌കാരിക വകുപ്പിന്റെ സംസ്ഥാന പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ അറിയിച്ചിരുന്നത്. എന്നാല്‍, തങ്ങള്‍ കൊടുത്ത മൊഴി തന്നെയാണോ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയതെന്ന് അറിയില്ലെന്നും തങ്ങളെ കാണിക്കാതെ മൊഴി പുറത്തുവിടരുതെന്നും ആവശ്യപ്പെട്ട് രഞ്ജിനി ഹൈകോടതിയെ സമീപിക്കുകയായിരുന്നു.

ഈ ഹരജി തള്ളിയ ഹൈകോടതി ഡിവിഷന്‍ ബെഞ്ച്, നടിക്ക് വേണമെങ്കില്‍ ഈ വിഷയം ഉന്നയിച്ച് സിംഗിള്‍ബെഞ്ചിനെ സമീപിക്കാമെന്നും വ്യക്തമാക്കി. കോടതി നിര്‍ദേശമനുസരിച്ച് താന്‍ സിംഗിള്‍ ബെഞ്ചിനെ സമീപിക്കുമെന്ന് നടി മാധ്യമങ്ങളോട് പ്രതികരിച്ചു.