കൊച്ചി: ഗൗരവമേറിയതോ സദാചാര വിരുദ്ധമോ അല്ലാത്ത നിസ്സാര കേസുകളുടെ വിവരം മറച്ചുവച്ചതിന്റെ പേരില്‍ ജീവനക്കാരെ സര്‍വീസില്‍ നിന്നു പിരിച്ചുവിടേണ്ടതില്ലെന്നു ഹൈക്കോടതി. ജോലിയില്‍ പ്രവേശിക്കുമ്പോള്‍ നിലനിന്ന രണ്ട് കേസുകള്‍ മറച്ചുവച്ചതിന്റെ പേരില്‍ പിരിച്ചുവിട്ടതിനെതിരെ ജനറല്‍ റിസര്‍വ് എന്‍ജിനീയറിങ് ഫോഴ്‌സിലെ (ഗ്രെഫ്) മെക്കാനിക്കല്‍ ട്രാന്‍സ്‌പോര്‍ട്ട് ഡ്രൈവര്‍ കൊല്ലം സ്വദേശി എസ്. ഹരിലാല്‍ നല്‍കിയ ഹര്‍ജി അനുവദിച്ചാണു ജസ്റ്റിസ് ഡി.കെ.സിങ്ങിന്റെ ഉത്തരവ്. ചെറുപ്പത്തിന്റെ അവിവേകം കുറച്ചൊക്കെ വകവച്ചു നല്‍കാം എന്നുള്ള സുപ്രീം കോടതിയുടെ 'അവതാര്‍ സിങ്' കേസ് വിധി ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണു നടപടി.

2022 ഫെബ്രുവരി 17നു ഹര്‍ജിക്കാരന്റെ നിയമന ശേഷം പൊലീസ് വെരിഫിക്കേഷന്‍ നടത്തി റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നായിരുന്നു നടപടി. 2022 സെപ്റ്റംബര്‍ 7നു കമാന്‍ഡിങ് ഓഫിസര്‍ ഷോ കോസ് നോട്ടിസ് നല്‍കി. തുടര്‍ന്ന് 2022 ഒക്ടോബര്‍ 4നു സര്‍വീസില്‍ നിന്നു പിരിച്ചുവിട്ടു. കോളജില്‍ പഠിക്കുമ്പോള്‍ സംഘടനാ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണു 2 കേസുകളില്‍ ഉള്‍പ്പെട്ടതെന്നു ഹര്‍ജിക്കാരന്‍ വാദിച്ചു. ഒരു കേസ് കോടതി റദ്ദാക്കിയതും ഒരു കേസ് പിഴയടച്ചു തീര്‍പ്പാക്കിയതുമാണ്. കേസ് വിവരം മറച്ചു വച്ചതു ചട്ടപ്രകാരം അയോഗ്യതയാണെന്നു പറഞ്ഞാണ് കേന്ദ്രസര്‍ക്കാര്‍ പിരിച്ചുവിട്ടത്.

ഹര്‍ജിക്കാരനെതിരെയുള്ള കേസുകള്‍ കോളജിലെ വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടതാണെന്നും ധാര്‍മികതയെ ബാധിക്കുന്ന ഗുരുതര സ്വഭാവമുള്ളതല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഈ കേസുകള്‍ ഡ്രൈവര്‍ നിയമനത്തിന് അയോഗ്യതയ്ക്കു കാരണമാകുന്നില്ലെന്നു കോടതി വ്യക്തമാക്കി. പിരിച്ചുവിടല്‍ റദ്ദാക്കിയ കോടതി, ഈ വിഷയം പുനഃപരിശോധിക്കാന്‍ കമാന്‍ഡിങ് ഓഫിസറോടു നിര്‍ദേശിച്ചു. 2 മാസത്തിനകം തീരുമാനമെടുക്കണമെന്നും നിര്‍ദേശിച്ചു.