കൊച്ചി: പാലക്കാട് കല്ലടിക്കോട് അപകടം ദൗര്‍ഭാഗ്യകരമെന്ന് ഹൈക്കോടതി. റോഡിന്റെ ശോചനീയാവസ്ഥയെക്കുറിച്ചും കോടതി പരാമര്‍ശിച്ചു. കോഴിക്കോട് റീല്‍ ചിത്രീകരിക്കുന്നതിനിടെ യുവാവ് അപകടത്തില്‍ മരിച്ചതിലും കോടതി നടുക്കം രേഖപ്പെടുത്തി. അപകടമുണ്ടാക്കിയ വാഹനത്തിന് ഇന്‍ഷുറന്‍സ് പോലും ഇല്ലാത്തത് ഞെട്ടിക്കുന്നതാണെന്നും കോടതി പറഞ്ഞു. ജസ്റ്റീസ് അനില്‍.കെ.നരേന്ദ്രനും മുരളീകൃഷ്ണനും അടങ്ങുന്ന ബെഞ്ചാണ് അപകടങ്ങളില്‍ നടുക്കം രേഖപ്പെടുത്തിയത്.

കല്ലടിക്കോട്ടെ അപകടം ദാരുണമായിരുന്നു. വ്യാഴാഴ്ച വൈകിട്ട് നാലോടെയാണ് നാല് വിദ്യാര്‍ഥിനികളുടെ ജീവന്‍ നഷ്ടമായ അപകടം സംഭവിച്ചത്. പാലക്കാട്ടുനിന്നു മണ്ണാര്‍ക്കാട് ഭാഗത്തേക്കു സിമന്റ് കയറ്റിപ്പോയ ലോറി കുട്ടികളുടെ ദേഹത്തേക്ക് മറിയുകയായിരുന്നു. മറ്റൊരു ലോറി തട്ടിയതിനെ തുടര്‍ന്നാണ് വാഹനം മറിഞ്ഞത്. കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനികളായ ആയിഷ, ഇര്‍ഫാന, റിദ, നിദ എന്നിവരാണ് മരിച്ചത്.

പാലക്കാട് കോഴിക്കോട് ദേശീയപാതയിലെ പനയംപാടം വളവില്‍ അപകടമൊഴിഞ്ഞ കാലമില്ലെന്നതാണ് വസ്തുത. റോഡ് നന്നായിട്ടും അതിനുമുന്‍പും ഇതുതന്നെയാണ് അവസ്ഥ. പുതിയ റോഡിന്റെ നിര്‍മാണത്തിലെ അശാസ്ത്രീയതയും പഴയ റോഡ് ആയിരുന്ന കാലത്ത് വലിയ കയറ്റവും ആയിരുന്നു അപകടങ്ങള്‍ക്ക് ഉള്ള കാരണങ്ങള്‍. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 22 ലധികം അപകടങ്ങളാണ് ഇവിടെ നടന്നിട്ടുള്ളത്. ഇതില്‍ വ്യാഴാഴ്ച നടന്ന അപകടത്തില്‍ ഉള്‍പ്പെടെ ജീവന്‍ പൊലിഞ്ഞത് നിരവധി ആളുകളുടേതാണ്. ചെറിയ അപകടങ്ങളും ഒരുപാടുണ്ടായി.

ദേശീയപാത അധികൃതരാകട്ടെ ഇതുവരെ ശാശ്വതമായ ഒരു പരിഹാരവും കണ്ടെത്തിയിട്ടില്ല. അമിത വേഗതയില്‍ എത്തുന്ന വാഹനങ്ങളാണ് കൂടുതലായും ഇവിടെ അപകടത്തില്‍പ്പെടുന്നത് . ഈ ഭാഗത്ത് എത്തുന്നതോടെ വാഹനങ്ങളുടെ നിയന്ത്രണം പലപ്പോഴും നഷ്ടപ്പെടും. പ്രധാനമായും ലോറിയും ബസ്സുമാണ് അപകടത്തില്‍പ്പെടുന്നത്. റോഡ് നിര്‍മാണം പൂര്‍ത്തിയായതിനുശേഷം അപകടം പതിവായി. തുടര്‍ന്ന് ദേശീയപാത വിഭാഗം ഈ ഭാഗങ്ങളില്‍ റോഡില്‍ ജെസിബി ഉപയോഗിച്ച് വരകള്‍ ഇട്ടിരുന്നു. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞതോടെ ഈ വരകള്‍ ടാറിനൊപ്പം ഉരുകിച്ചേര്‍ന്നു.

പിന്നീട് മുന്നറിയിപ്പുകള്‍ ഒന്നുമില്ലാതെയായി. ചെറിയ ചാറ്റല്‍ മഴപെയ്താല്‍ പോലും വാഹനങ്ങള്‍ക്ക് ഇവിടെ നിയന്ത്രണം നഷ്ടപ്പെടുന്നു. ഇത്തരത്തിലുള്ള സംഭവമാണ് വ്യാഴാഴ്ച നടന്നത്. കോഴിക്കോട് ഭാഗത്തുനിന്നും പാലക്കാട് ഭാഗത്തേക്ക് ചരക്ക് ഇറക്കി വരികയായിരുന്ന ലോറി പനയമ്പാടത്തുവച്ച് നിയന്ത്രണം നഷ്ടപ്പെട്ട് മറ്റൊരു ലോറിയില്‍ ഇടിക്കുകയായിരുന്നു. ആ ലോറിയാണ് കുട്ടികളുടെ ദേഹത്തേക്ക് മറഞ്ഞത്.