മലപ്പുറം: വളാഞ്ചേരിയില്‍ കുത്തിവെക്കുന്ന ലഹരി ഉപയോഗം മൂലം പത്ത് പേര്‍ക്ക് എച്ച്ഐവി ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ, ആരോഗ്യ വകുപ്പ് കൂടുതല്‍ പരിശോധന നടത്താന്‍ തീരുമാനിച്ചു. ഇതിനായി അടുത്ത മാസം ആദ്യത്തോടെ പ്രത്യേക മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കാനാണ് ആരോഗ്യ പ്രവര്‍ത്തകരുടെ പദ്ധതി. ഇതിനകം കണ്ടുപിടിച്ച കേസുകള്‍ക്കു പുറമെ, ജില്ലയിലെ മറ്റ് ഭാഗങ്ങളിലും രോഗം പടര്‍ന്നിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

കേരള എയ്ഡ്സ് സൊസൈറ്റി നടത്തിയ ആരോഗ്യ പരിശോധനയിലാണ്, പ്രാഥമികമായി ഒരാള്‍ക്ക് എച്ച്ഐവി സ്ഥിരീകരിച്ചത്. അന്വേഷണം ആഴത്തിലാകുമ്പോള്‍, ഇദ്ദേഹം പങ്കെടുത്ത ലഹരി സംഘത്തില്‍ കൂടുതല്‍ പേരും രോഗബാധിതരാണെന്നുള്ള വിവരം പുറത്തുവന്നു. തുടര്‍ പരിശോധനയില്‍ ഇതര സംസ്ഥാന തൊഴിലാളികളടക്കം ഒമ്പത് പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിക്കുകയായിരുന്നു. ഒരേ സിറിഞ്ച് പലരും ഉപയോഗിച്ചതാണ് ഈ വ്യാപനത്തിന് കാരണം എന്നാണു ആരോഗ്യ വകുപ്പിന്റെ കണ്ടെത്തല്‍.

രോഗം ബാധിച്ചവരെയെല്ലാം ഇപ്പോള്‍ ആരോഗ്യവകുപ്പ് പ്രത്യേക നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. പക്ഷേ, ഇതര സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ പരിശോധനയോട് അത്ര സഹകരിക്കാത്തത്, ആരോഗ്യ പ്രവര്‍ത്തകര്‍ നേരിടുന്ന ഒരു പ്രധാന വെല്ലുവിളിയാകുന്നു. എച്ച്ഐവി ബാധയുടെ വ്യാപ്തി കൂടുതല്‍ വ്യക്തതയോടെ മനസ്സിലാക്കാനും, ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനുമാണ് ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.