- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരുന്നു വില്‍പ്പന ക്ലിനിക്കുകളില്‍; താഴിട്ടു പൂട്ടി ഹോമിയോ മെഡിക്കല്‍ ഷോപ്പുകള്‍; പരാതിയുമായി ഫാര്‍മസി അസോസിയേഷന്‍
മരുന്നു വില്‍പ്പന ക്ലിനിക്കുകളില്‍; താഴിട്ടു പൂട്ടി ഹോമിയോ മെഡിക്കല്‍ ഷോപ്പുകള്‍; പരാതിയുമായി ഫാര്‍മസി അസോസിയേഷന്‍
തിരുവനന്തപുരം: സംസ്ഥാനത്തെ ഹോമിയോ ഡോക്ടര്‍മാര്‍ ക്ലിനിക്കുകളില്‍ മരുന്നു വിതരണം കൂടി നടത്തുന്നതോടെ അംഗീകൃത ഹോമിയോ മെഡിക്കല്‍ ഷോപ്പുകള്‍ പ്രതിസന്ധിയിലാകുന്നു. സംസ്ഥാനത്തുടനീളം പ്രവര്‍ത്തിച്ചിരുന്ന അറുന്നൂറോളം അംഗീകൃത ഹോമിയോ മെഡിക്കല്‍ ഷോപ്പുകളുടെ എണ്ണം ഇപ്പോള്‍ ഇരുന്നൂറില്‍ താഴെ മാത്രമാണ്. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെയാണ് നാന്നൂറിലധികം മെഡിക്കല്‍ ഷോപ്പുകള്‍ അടച്ചുപൂട്ടിയത്. നിയമപ്രകാരം 20 സി എന്ന ലൈസന്‍സുള്ള രജിസ്റ്റേര്‍ഡ് ഫാര്‍മസിസ്റ്റുകള്‍ക്കു മാത്രമേ ഹോമിയോ മരുന്നുകള്‍ വില്‍ക്കാന്‍ അനുമതിയുള്ളൂ. ഡോക്ടര്‍മാര്‍ മരുന്ന് വില്‍ക്കുന്നത് നിയമവിരുദ്ധമാണെന്നാണ് ഫാര്‍മസി അസോസിയേഷന്‍െ്റ ആരോപണം. എന്നാല്‍, രോഗിക്കാവശ്യമായ മരുന്ന് നല്‍കാന്‍ അനുമതിയുണ്ടെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം.
ക്ലിനിക്കുകളിലോ അതിനോടു ചേര്‍ന്നോ ചെറിയൊരു ഫാര്‍മസി ആരംഭിച്ച് ഒരു ഫാര്‍മസിസ്റ്റിനെയും നിയമിച്ചാണ് ഡോക്ടര്‍മാര്‍ മരുന്ന് നല്‍കുന്നത്. കുറിപ്പടി രോഗിക്കു നല്‍കാത്തതിനാല്‍ പുറത്തുള്ള കടകളില്‍ നിന്നും മരുന്നു വാങ്ങാനുമാവുന്നില്ല. ജീവന്‍രക്ഷാ ഹോമിയോ മരുന്നുകള്‍ അല്ലാത്തവ ക്ലിനിക്കില്‍ സൂക്ഷിക്കാന്‍ പാടില്ലെന്ന നിയമം നിലനില്‍ക്കെയാണ് ഡോക്ടര്‍മാര്‍ ഇത്തരത്തില്‍ വില്‍പ്പന നടത്തുന്നതെന്നും ഹോമിയോ ഫാര്‍മസിസ്റ്റുകളുടെ സംഘടനയായ 20 സി ഹോമിയോ ഫാര്‍മസി അസോസിയേഷന്‍ ആരോപിക്കുന്നു. കേരളത്തില്‍ പ്രതിവര്‍ഷം 75 കോടിരൂപയുടെ ഹോമിയോ മരുന്നുകളാണ് വില്‍ക്കപ്പെടുന്നത്.
അംഗീകൃത മെഡിക്കല്‍ ഷോപ്പുകളില്‍ കൂടി വില്‍ക്കുമ്പോള്‍ മാത്രമേ സര്‍ക്കാരിന് ജി.എസ്.ടി ലഭിക്കുകയുള്ളൂ. ഡോക്ടര്‍മാര്‍ ഹോമിയോ മരുന്നുകള്‍ വില്‍ക്കുന്നതിലുടെ ജി.എസ്.ടി വരുമാനം നഷ്ടപ്പെടുകയാണെന്നും അസോസിയേഷന്‍ ആരോപിക്കുന്നു. ഹോമിയോ ഡോക്ടര്‍മാരുടെ സംഘടനയായ ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ഹോമിയോപ്പത്സ് കേരള ഇത്തരം വില്‍പ്പനയെ എതിര്‍ത്ത് രംഗത്തുവന്നെങ്കിലും ഫലമുണ്ടായില്ല. ഹോമിയോ മെഡിക്കല്‍ ഷോപ്പ് ഉടമകള്‍ ഡ്രഗ് കണ്‍ട്രോളര്‍ക്കും ആരോഗ്യ വകുപ്പിനും പരാതി നല്‍കിയിട്ടും യാതൊരു നടപടിയുമുണ്ടായിട്ടില്ല. രോഗിക്കാവശ്യമായ മരുന്ന് നല്‍കാന്‍ ഡോക്ടര്‍മാര്‍ക്ക് അനുമതിയുണ്ടെന്നും ലൈസന്‍സുള്ള ഫാര്‍മസിസ്റ്റുകള്‍ തന്നെയാണ് ക്ലിനിക്കുകളില്‍ മരുന്നുകള്‍ വിതരണം ചെയ്യുന്നതെന്നുമാണ് ഡോക്ടര്‍മാരുടെ അഭിപ്രായം.