മുംബൈ: നഗരത്തിലെ ഒരു ഫ്ലാറ്റിന്റെ 31-ാം നിലയിൽ നിന്ന് തേനീച്ചക്കൂട് നീക്കം ചെയ്ത രീതിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനം. പുകയും രാസവസ്തുക്കളും ഉപയോഗിച്ച് തേനീച്ചകളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നതിന്റെ ദൃശ്യങ്ങൾ വൈറലായതോടെയാണ് പരിസ്ഥിതി സ്നേഹികളും സാമൂഹിക പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തിയത്.

ഫ്ലാറ്റിലെ താമസക്കാരിയായ റുമ എസ്. ഭൗമിക് തന്റെ ബാത്ത്റൂം ജനലിലൂടെ പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുന്നത്. കൂറ്റൻ തേനീച്ചക്കൂട് നീക്കം ചെയ്യുന്നതിനായി പെസ്റ്റ് കൺട്രോൾ ജീവനക്കാർ പുകയും കെമിക്കൽ സ്പ്രേയും ഉപയോഗിക്കുന്നതാണ് വീഡിയോയിലുള്ളത്. രണ്ട് മില്യണിലധികം ആളുകളാണ് ഈ വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത്.

ദൗത്യം പൂർത്തിയായ ശേഷം ചുവരിൽ നിന്ന് കൂട് അപ്രത്യക്ഷമായെങ്കിലും, തറയിൽ ചത്തുകിടക്കുന്ന തേനീച്ചകളുടെ ദൃശ്യങ്ങളും റുമ അടുത്ത വീഡിയോയിൽ പങ്കുവെച്ചു. 'രണ്ട് കൂട്ടർക്കും അത്ര നല്ലതല്ലാത്ത ഒരു പ്രക്രിയ ആദ്യമായാണ് കാണുന്നത്' എന്ന കുറിപ്പോടെയാണ് റുമ വീഡിയോ പോസ്റ്റ് ചെയ്തത്. തേനീച്ചകളെ കൂട്ടത്തോടെ കൊന്നൊടുക്കുന്ന രീതി തെറ്റാണെന്ന് ചൂണ്ടിക്കാട്ടി രൂക്ഷമായ വിമർശനങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്നത്.

പരിസ്ഥിതി സ്നേഹികൾ പറയുന്നത്, തേനീച്ചകൾ ഭൂമിയുടെ ആവാസവ്യവസ്ഥയ്ക്ക് അത്യന്താപേക്ഷിതമാണെന്നും, അവയെ നശിപ്പിക്കുന്നത് തെറ്റായ നടപടിയാണെന്നുമാണ്. 'ഈ ഭൂമി പച്ചപ്പോടെ നിലനിൽക്കുന്നത് തേനീച്ചകൾ ഉള്ളതുകൊണ്ടാണ്' എന്ന് പലരും അഭിപ്രായപ്പെട്ടു. കൃത്യമായ പരിശീലനം ലഭിച്ചവർ തേനീച്ചകളെ ഉപദ്രവിക്കാതെ സുരക്ഷിതമായി മറ്റൊരു സ്ഥലത്തേക്ക് മാറ്റുകയാണ് വേണ്ടതെന്ന് പരിസ്ഥിതി പ്രവർത്തകർ ആവശ്യപ്പെട്ടു. ഒരു തേനീച്ച വളർത്തുകാരനെ ഏൽപ്പിച്ചിരുന്നെങ്കിൽ തേനീച്ചകളെ കൊല്ലാതെ തന്നെ കൂട് മാറ്റാനും കുറച്ച് തേൻ കൂടി ലഭിക്കാനും സാധ്യതയുണ്ടായിരുന്നതായും ചിലർ ചൂണ്ടിക്കാട്ടി.

അതേസമയം, സമാനമായ പ്രശ്നങ്ങൾ നേരിടുന്ന ചിലർ പെസ്റ്റ് കൺട്രോൾ കമ്പനിയുടെ പേര് ചോദിച്ചും രംഗത്തെത്തിയിട്ടുണ്ട്. 'ഇതൊരു സിനിമ കാണുന്ന ആവേശത്തോടെയാണ് കണ്ടത്' എന്ന് കമന്റ് ചെയ്തവരും പ്രതികരണങ്ങളിൽ ഉൾപ്പെടുന്നു.