- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേസില്‍ പെട്ട് കട പൂട്ടി സീല്‍ വച്ചപ്പോള്‍ ചില്ലുകാബിനില് കുടുങ്ങിപ്പോയി; ചിറകടി കേട്ടിട്ടും ഒന്നും ചെയ്യാനാവാതെ നാട്ടുകാര്‍; ഒടുവില്‍ കളക്ടര്‍ കനിഞ്ഞപ്പോള്‍ സ്വാതന്ത്ര്യത്തിലേക്ക് പറന്നുയര്‍ന്ന് അങ്ങാടി കുരുവി
കളക്ടര്‍ കനിഞ്ഞപ്പോള്‍ സ്വാതന്ത്ര്യത്തിലേക്ക് പറന്നുയര്‍ന്ന് അങ്ങാടി കുരുവി
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശമായ ഇരിട്ടിക്കടുത്തെ ഉളിക്കലില്‍ വ്യാപാരികള്‍ തമ്മില്‍ കേസ് നടക്കുന്നതിനാല്‍ പൂട്ടിയിട്ട കടയിലെ ചില്ലുകൂട്ടില്‍ കുടുങ്ങിപ്പോയ അങ്ങാടി കുരുവിയെ തുറന്നു വിട്ടു. കണ്ണൂര്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്റെ ഉത്തരവിലാണ് ഉളിക്കല്‍ ടൗണിലെ വ്യാപാര സ്ഥാപനത്തിലെ ചില്ലു കാബിനില്‍ കുടുങ്ങിയ അങ്ങാടി കുരുവിയെ ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് ആകാശത്തേക്ക് തുറന്നുവിട്ടത്.
ജില്ലാ കലക്ടര്‍ക്ക് വ്യാപാരികളും പക്ഷി സ്‌നേഹികളും നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി; കേസില്‍പ്പെട്ടതിനെ തുടര്‍ന്നാണ് കട പൂട്ടി ഷട്ടറിന്റെ പൂട്ട് സീല്‍ ചെയ്തത്. ഇതിനകത്ത് ചിറകടിക്കുന്ന ശബ്ദം കേട്ടതിനെ തുടര്‍ന്നാണ് കുരുവി കുടുങ്ങിയതാണെന്ന് വ്യാപാരികള്‍ക്ക് മനസിലായത്. ഇതിനെ മോചിപ്പിക്കാന്‍ ഇവര്‍ കിണഞ്ഞു ശ്രമിച്ചുവെങ്കിലും സാധ്യമായില്ല.
ഇതേ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെയും ഉളിക്കല്‍ പൊലിസിനെയും വിവരമറിയിക്കുകയായിരുന്നു. എന്നാല്‍ കട തുറക്കരുതെന്ന് കോടതി ഉത്തരവുള്ളതിനാല്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് പറഞ്ഞ് ഇവര്‍ കൈമലര്‍ത്തി. ഇതേ തുടര്‍ന്നാണ് ജില്ലാ മജിസ്‌ട്രേറ്റു കൂടിയായ കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ. വിജയന് പരാതി നല്‍കിയത്.
ഇതിനു ശേഷമാണ് കളക്ടറുടെ അനുകൂല ഉത്തരവിന്‍മേല്‍ വ്യാഴാഴ്ച രാവിലെ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ കട തുറന്ന് നാട്ടുകാരും വ്യാപാരികളും കട തുറന്ന് ആകാശത്തേക്ക് പറത്തിവിട്ടത്. പക്ഷിയെ തുറന്നു വിടുന്നത് കാണാന്‍ നൂറുകണക്കിനാളുകള്‍ ഉളിക്കല്‍ ടൗണില്‍ കടയുടെ മുന്‍പിലെത്തിയിരുന്നു. കളക്ടര്‍ കനിഞ്ഞതിനാല്‍ തുറന്നു വിട്ട അങ്ങാടി കുരുവി ആകാശത്തേക്ക് ചിറകടിച്ചു പറന്നുയരുകയും ചെയ്തു.