തൊടുപുഴ: ശക്തമായ മഴയെത്തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ ഒഴുക്കില്‍പ്പെട്ട വീട്ടമ്മ മരിച്ചു. വണ്ണപ്പുറം കൂവപ്പുറം തേവരുകുന്നേല്‍ ഓമന (65) ആണു മരിച്ചത്. ഇന്നലെ വൈകിട്ടാണ് ഓമനയും ഭര്‍ത്താവ് ദിവാകരനും മലവെള്ളപ്പാച്ചിലില്‍പ്പെട്ടത്. ഇരുവരും സമീപത്തെ തങ്ങളുടെ പുരയിടത്തില്‍ കൃഷിപ്പണിക്കുശേഷം വീട്ടിലേക്കു തിരികെ പോകുന്നതിനിടെയാണു സംഭവം.

വഴിയിലെ ചെറുതോട്ടില്‍ അപ്രതീക്ഷിതമായി കുത്തൊഴുക്ക് ഉണ്ടാവുകയായിരുന്നു. രണ്ടുപേരും മലവെള്ളപ്പാച്ചിലില്‍പെട്ടു. ദിവാകരന്‍ പരുക്കുകളോടെ രക്ഷപ്പെട്ടെങ്കിലും ഓമന ഒഴുകിപ്പോയി. മൃതദേഹം ഒരു കിലോമീറ്റര്‍ താഴെനിന്നാണു കണ്ടെത്തിയത്. മക്കള്‍: മനു, സിനി, ലിജി.