തിരുവനന്തപുരം: മനുഷ്യക്കടത്ത് കേസിൽ മൂന്ന് പേർ പോലീസ് പിടിയിൽ. വിയറ്റ്നാമിൽ ജോലി നൽകാമെന്ന് വാഗ്ദാനം നൽകി കമ്പോഡിയയിലെത്തിച്ച് ചൈനക്കാർക്ക് കൈമാറാൻ ശ്രമിച്ച കേസിലാണ് ഇടുക്കി അടിമാലി പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. അടിമാലി സ്വദേശി ഷാജഹാൻ കാസിമിന്റെ പരാതിയിലായിരുന്നു അന്വേഷണം.

തിരുവനന്തപുരം പാങ്ങോട് സ്വദേശി സജീദ് എം ഐ, കൊല്ലം കൊട്ടിയം മുഹമ്മദ് ഷാ, കൊല്ലം ഉയമനല്ലൂർ സ്വദേശി അൻഷാദ് എന്നിവരെയാണ് അടിമാലി പോലീസ് പിടികൂടിയത്. വിയറ്റ്നാമിൽ പ്രതിമാസം 80,000 രൂപ ശമ്പളമുള്ള ഡിടിപി ഓപ്പറേറ്റർ ജോലി വാഗ്ദാനം ചെയ്താണ് ഇവരുടെ സംഘം യുവാക്കളെ കൊണ്ടുപോയത്.

വിസിറ്റിംഗ് വിസയിൽ വിയറ്റ്നാമിലെത്തിച്ച ശേഷം ചൈനക്കാർക്ക് കൈമാറിയെന്നാണ് പരാതി. ഇതിനായി സംഘം പണം കൈപ്പറ്റിയതായും പരാതിയിൽ പറയുന്നു. തുടർന്ന് തട്ടിപ്പിനിരയായവരെ കരമാർഗ്ഗം കമ്പോഡിയയിൽ എത്തിക്കും. എന്നാൽ ഇവിടെ അവരെ കാത്തിരിക്കുന്നത് വലിയ കെണിയായിരിക്കും. പിടിക്കപ്പെട്ടാൽ വലിയ ശിക്ഷ ലഭിക്കാവുന്ന ഓൺലൈൻ തട്ടിപ്പ് ജോലികളാണ് ഇവരെ കൊണ്ട് ചെയ്യിപ്പിക്കുക.

അടിമാലി സ്വദേശി ഷാജഹാൻ കാസിമിനെ ഫെബ്രുവരി മാസത്തിൽ ഇത്തരത്തിൽ കമ്പോഡിയയിൽ എത്തിച്ചിരുന്നു. മൂന്ന് മാസത്തിനു ശേഷം എംബസിയുടെ സഹായത്തോടെ ഇയാൾ രക്ഷപ്പെട്ട് നാട്ടിലെത്തിയ ശേഷം പോലീസിൽ പരാതി നൽകുകയായിരുന്നു.

നിരവധി പേര് ഇത്തരത്തിൽ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. പിടിയിലായവർക്കെതിരെ ബാലരാമപുരം പോലീസ് സ്റ്റേഷനിൽ അഞ്ചു പേർ പരാതി നൽകിയിട്ടുണ്ട്. കൂടുതൽ പേർ തട്ടിപ്പിന് ഇരയായിട്ടുണ്ടോയെന്നും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.