ഇടുക്കി: അരുവിക്കുത്ത് വെള്ളച്ചാട്ടത്തിൽ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചതായി റിപ്പോർട്ടുകൾ. ഇടുക്കിയിലാണ് ദാരുണ സംഭവം നടന്നത്. മുരിക്കാശ്ശേരി സ്വദേശി ഡോണൽ ഷാജി, കൊല്ലം സ്വദേശി അക്സ റെജി എന്നിവരാണ് മുങ്ങി മരിച്ചത്.

ഇരുവരും മുട്ടം എഞ്ചിനീയറിങ് കോളേജിലെ വിദ്യാർത്ഥികളാണ്. സംഭവം നടന്നപ്പോൾ തന്നെ നാട്ടുകാർ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. പോലീസും അഗ്നിരക്ഷാസേനയും ചേർന്ന് നടത്തിയ തിരച്ചിലിലാണ് രണ്ട് പേരുടെയും മൃതദേഹങ്ങൾ ഒടുവിൽ കണ്ടെത്തിയത്. ഇന്ന് വൈകിട്ട് ഏഴ് മണിയോടു കൂടിയായിരുന്നു അപകടം നടന്നത്. ഇരുവരെയും കുറെ നേരം ഇവിടെ കണ്ടതായി ചിലർ പറയുന്നു.

കോളജിൽനിന്ന് വെറും അഞ്ച് കിലോമീറ്റർ അകലെയാണ് അരുവിക്കുത്ത് വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. ഒന്നാം വർഷ എൻജിനീയറിങ് വിദ്യാർഥിനിയായ അക്സാ റെജി (18) പത്തനംതിട്ട സ്വദേശിയാണ്.

മൂന്നാം വർഷ വിദ്യാർഥിയായ ‍ഡോണ‍ൽ ഷാജി (22) ഇടുക്കി മുരിക്കാശേരി സ്വദേശിയാണ്. എങ്ങനെയാണ് ഇവർ വെള്ളച്ചാട്ടത്തിലേക്ക് വീണതെന്ന് വ്യക്തമല്ല. തൊടുപുഴയിൽ നിന്നുള്ള അഗ്നിരക്ഷാ സംഘമെത്തിയാണ് രണ്ട് മൃതദേഹങ്ങളും ഒടുവിൽ പുറത്തെടുത്തത്.