തിരുവനന്തപുരം : നിരന്തരം വിദ്വേഷപ്രസംഗം നടത്തുന്ന പി. സി. ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍. 2022ല്‍ പാലാരിവട്ടം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ ജാമ്യം റദ്ദാക്കണമെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയോട് ആവശ്യപ്പെട്ടത്. അടിയന്തരാവസ്ഥയുടെ 50-ാം വാര്‍ഷികത്തില്‍ ആര്‍. എസ്. എസ്. സഹയാത്രികനായ അജി കൃഷ്ണന്‍ സെക്രട്ടറിയായ എച്ച്. ആര്‍. ഡി. എസ്. ഇന്ത്യ തൊടുപുഴയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മുസ്ലീംങ്ങള്‍ക്കെതിരെ വര്‍ഗീയ പരാമര്‍ശം നടത്തുകയും കേസെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ തിരുവനന്തപുരം സ്വദേശിയായ പൊതുപ്രവര്‍ത്തകന്‍ എസ്. ടി. അനീഷ് മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയിരുന്നു. പിന്നാലെയാണ് സര്‍ക്കാര്‍ പി. സി. ജോര്‍ജിന്റെ ജാമ്യം റദ്ദാക്കാനുള്ള നടപടി ആരംഭിച്ചത്. ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ പി. സി. ജോര്‍ജ് നിരന്തരം ലംഘിക്കുന്നുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. സര്‍ക്കാരിന്റെ ഹര്‍ജിയില്‍ പി. സി. ജോര്‍ജിന് ഹൈക്കോടതി നോട്ടീസ് നല്‍കി.

എച്ച്.ആര്‍.ഡി.എസ് ഒത്താശയോടെയുള്ള പി.സി.ജോര്‍ജിന്റെ വര്‍ഗീയ പ്രസംഗത്തില്‍ തൊടുപുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ പരാതിക്കാരന്‍ നല്‍കിയ ഹര്‍ജി ഇന്ന് ( 9/7/ 25) പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാര്‍ നടപടി.

'മുസ്ലീം അല്ലാത്തവര്‍ക്ക് ജീവിക്കാന്‍ അവകാശമില്ലെന്ന് ചിന്തിക്കുന്ന തലമുറയെ മുസ്ലീം സമുദായം വളര്‍ത്തുന്നു. ഭാരതത്തോട് സ്നേഹമില്ലാത്ത ഒരാളും ഈ മണ്ണില്‍ ജീവിക്കരുത്. ഇന്ത്യ പാക്കിസ്ഥാന്‍ ക്രിക്കറ്റ് നടക്കുമ്പോള്‍ പാക്കിസ്ഥാന്‍ വിക്കറ്റ് പോകുമ്പോള്‍ അള്ളാഹു അക്ബര്‍ എന്ന് വിളിക്കുന്നു. ഇതിനെതിരെ പിണറായി വിജയന്‍ കേസെടുത്താലും പ്രശ്‌നമില്ല കോടതിയില്‍ തീര്‍ത്തോളമെന്നായിരുന്നു പി. സി. ജോര്‍ജിന്റെ വെല്ലുവിളി. വേദിയ്ക്ക് പുറത്തെത്തിയ പി. സി. ജോര്‍ജ് മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെതിരെയും വര്‍ഗീയ പ്രസ്താവന നടത്തി.

ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ അപ്പന്‍ മോത്തിലാല്‍ നെഹ്‌റു മുസ്ലീമായിരുന്നു . ജവഹര്‍ ലാല്‍ നെഹ്‌റു അടച്ചിട്ട മുറിയില്‍ അഞ്ചുനേരം നിസ്‌ക്കരിക്കുമായിരുന്നു . അയാളാണ് ഇന്ത്യയേ നശിപ്പിച്ചത് . ഇന്ത്യയെന്ന പേര് ഉപയോഗിക്കരുത് . ഭാരതം എന്നതാണ് ശരി - ഇങ്ങനെയായിരുന്നു ജോര്‍ജിന്റെ വിവാദ പരാമര്‍ശങ്ങള്‍.