കോഴിക്കോട്: ആരോഗ്യ വിഭാഗത്തിന്റെ നിര്‍ദേശം തുടര്‍ച്ചയായി അവഗണിച്ച ഹോട്ടല്‍ ഉടമക്കെതിരെ നടപടി. നാദാപുരം കല്ലാച്ചിയിലെ വനിതാ ഹോട്ടല്‍ ഉടമയായ എടവന്‍റവിടെ ആയിഷയ്ക്കാണ് കോടതി ശിക്ഷ വിധിച്ചത്. നാദാപുരം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് 10,000 രൂപ പിഴ അടയ്ക്കാനും അല്ലാത്ത പക്ഷം 30 ദിവസം സാധാരണ തടവിനും ശിക്ഷിച്ചത്.

ഹെല്‍ത്തി കേരള പ്രോഗ്രാമിന്റെ ഭാഗമായി ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ ഹോട്ടല്‍ വൃത്തിഹീനമായ സാഹചര്യത്തിൽ കണ്ടെത്തിയത്. മാലിന്യം അലക്ഷ്യമായി കൂട്ടിയിട്ട നിലയിലായിരുന്നു. കൂടാതെ അടിസ്ഥാന സംവിധാനങ്ങള്‍ ഇല്ലെന്നും ശുചിത്വ സൗകര്യങ്ങള്‍ ഇല്ലെന്നും കണ്ടെത്തിയതിനെ തുടർന്ന് ഉടമയ്ക്ക് നോട്ടീസ് നൽകിയിരുന്നു.

എന്നാൽ നോട്ടീസിലെ നിര്‍ദേശങ്ങള്‍ പല തവണ അവഗണിച്ചു. ചെയ്ത കുറ്റത്തിന് പിഴ അടയ്ക്കാന്‍ നിര്‍ദേശിച്ചെങ്കിലും ബോധപൂർവം അവഗണിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ആരോഗ്യ വിഭാഗം കേസ് ഫയല്‍ ചെയ്തത്. 2023ല്‍ പ്രാബല്യത്തില്‍ വന്ന കേരള പൊതുജനാരോഗ്യ നിയമ പ്രകാരമെടുത്ത സംസ്ഥാനത്തെ ആദ്യ കേസായിരുന്നു ഇത്. ഈ കേസിലെ വിധിയാണ് ഇപ്പോള്‍ പ്രസ്താവിച്ചിരിക്കുന്നത്.