കൊച്ചി: ഭാഷാ കേസരി പുരസ്‌കാരവും ഒപ്പം സാഹിത്യ രംഗത്തെ വ്യത്യസ്ത മേഖലകള്‍ക്കായി മറ്റ് ഇരുപത്തിയഞ്ച് പുരസ്‌കാരങ്ങളുമുള്‍പ്പെടെ ഏഴരലക്ഷം രൂപയുടെ ക്യാഷ് പ്രൈസ് വിതരണം ചെയ്തുകൊണ്ട് ഇന്‍ഡിവുഡ് ഭാഷാ സാഹിത്യ പുരസ്‌കാരത്തിന് വീണ്ടും അരങ്ങൊരുങ്ങുന്നു. അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് 2020-ല്‍ തുടക്കം കുറിച്ച ഇന്‍ഡിവുഡ് ഭാഷാ സാഹിത്യ പുരസ്‌കാര മേള വഴി നിരവധി സാഹിത്യ പ്രതിഭകള്‍ക്ക് പ്രോത്സാഹനം നല്‍കാന്‍ കഴിഞ്ഞതിന്റെ പശ്ചാത്തലത്തിലും ഇതുപോലെയുള്ള പുരസ്‌കാരങ്ങള്‍ മലയാള സാഹിത്യ സാംസ്‌കാരിക രംഗത്തിന് വീണ്ടും പ്രചോദനമേകുമെന്നുമുള്ള വിശ്വാസത്തിലുമാണ് വീണ്ടും ഈ സാഹിത്യോത്സവത്തിന് അരങ്ങൊരുങ്ങുന്നത്. ഈ പുരസ്‌കാരങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട മലയാളഭാഷയ്ക്കുള്ള സമഗ്രസംഭാവനയ്ക്കുള്ള 'ഭാഷാ കേസരി ' പുരസ്‌കാരത്തിന് അര്‍ഹരാകുന്നവര്‍ക്ക് നിശ്ചയിച്ചിട്ടുള്ള പുരസ്‌കാരത്തുക അഞ്ചുലക്ഷത്തിയൊന്ന് രൂപയാണ്. ഇത് മലയാള സാഹിത്യ രംഗത്തെ ഏറ്റവും ഉയര്‍ന്ന പുരസ്‌കാരത്തുക കൂടിയാണ് ഇത്.

മലയാള ഭാഷയുടെ ഈ ഏറ്റവും വലിയ പുരസ്‌കാരമേളയില്‍ നമ്മുടെ നാടിന്റെ ഭാവി വാഗ്ദാനങ്ങളാവേണ്ട പുതുതലമുറയുടെ ഒരു വലിയ പ്രാതിനിധ്യം ഉള്‍പ്പെടുത്തിയിരിക്കുന്നു എന്നതാണ് ഇത്തവണത്തെ പുരസ്‌കാരത്തിന്റെ പ്രത്യേകത. അതിനാല്‍ സ്‌കൂള്‍ കോളേജ് തലത്തില്‍ നിന്നു തന്നെ മികച്ച ഭാഷാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്നവര്‍ക്കും ഇത്തവണ പുരസ്‌കാരങ്ങള്‍ ഉണ്ടാവും. പുതിയ തലമുറയ്ക്ക് പ്രാധാന്യം നല്‍കുന്നതിനാല്‍ ഭാഷാകേസരി പുരസ്‌കാരം ഒഴിച്ചുള്ള സമ്മാനങ്ങളെല്ലാം തന്നെ ഇത്തവണ മുപ്പത്തിയഞ്ച് വയസ്സിന് താഴെയുള്ള പ്രതിഭകള്‍ക്ക് നല്‍കാനാണ് സംഘാടക സമിതി ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

മലയാള ഭാഷയ്ക്കുള്ള സമഗ്ര സംഭാവനയ്ക്ക് നിശ്ചയിച്ചിട്ടുള്ള ഭാഷാ കേസരി പുരസ്‌കാരത്തിനൊപ്പം നല്‍കുന്ന മറ്റു പുരസ്‌കാരങ്ങള്‍ ഇവയാണ്.

മികച്ച നോവലിസ്റ്റ്, മികച്ച തിരക്കഥാകൃത്ത്,

മികച്ച കഥാകൃത്ത്, മികച്ച കവി,മികച്ച ഗാന രചയിതാവ്, മികച്ച ജീവചരിത്രകാരന്‍,

മികച്ച യാത്രാവിവരകന്‍,മികച്ച നിരൂപകന്‍

മികച്ച ഭാഷാ ഗവേഷകന്‍,

മികച്ച പരിഭാഷകന്‍, മികച്ച ബാലസാഹിത്യകാരന്‍, മികച്ച ലേഖകന്‍,

മികച്ച വൈജ്ഞാനിക സാഹിത്യകാരന്‍,

മികച്ച ഹാസ്യകഥാകാരന്‍,

മികച്ച പാഠ്യ പുസ്തക രചയിതാവ്,

സ്‌കൂള്‍ / കോളേജ് വിദ്യാര്‍ത്ഥികളിലെ മികച്ച ഗ്രന്ഥകാരന്‍, മികച്ച ഹ്രസ്വ സാഹിത്യ രചയിതാവ്, മികച്ച കുറ്റാന്വേഷണ രചയിതാവ്, മികച്ച അക്കാദമിക്കല്‍/ പ്രൊഫഷണല്‍ ബയോഗ്രഫി രചയിതാവ്, മികച്ച ഗ്രന്ഥശാല,മികച്ച പ്രസാധകന്‍,

മികച്ച സ്‌കൂള്‍ /കോളേജ് തല ഗ്രന്ഥശാല,

മികച്ച സ്‌കൂള്‍ /കോളേജ്- ടാലന്റ്/ ലിറ്റററി ക്ലബ്, മികച്ച സ്‌കൂള്‍ /കോളേജ് മാഗസിന്‍,

മികച്ച സ്ഥാപന/കമ്പനി തല മാഗസിന്‍ എന്നിവയാണ്. 2025 ജൂലൈ 31 ആണ് അപേക്ഷകള്‍ അയക്കേണ്ട അവസാന തീയതി. കൊല്ലം പുനലൂരുള്ള ഐക്കരക്കോണം ലൈബ്രറിയിലേക്ക് ആണ് അപേക്ഷകള്‍ അയക്കേണ്ടത്.

രചനകള്‍ അയക്കേണ്ട വിലാസം ( BY POST )

ഐക്കരക്കോണം പബ്ലിക് ലൈബ്രറി & റീഡിങ് റൂ , കക്കോട് പി.ഓ പുനലൂര്‍ , കൊല്ലം 6691331

ഫോണ്‍ : 9539000535,

8921344035

മലയാളസാഹിത്യത്തിന്റെ സമസ്ത മേഖലകളെയും സ്പര്‍ശിക്കുന്നതും യുവതലമുറയ്ക്ക് അതീവ പ്രാധാന്യം നല്‍കുന്നതുമായ ഒരു പുരസ്‌കാരമേളയാണ് ഇത്തവണ ഇന്‍ഡി വുഡ് സംഘടിപ്പിക്കുന്നതെന്ന്, പ്രോജക്ട് ഇന്‍ഡിവുഡ് സ്ഥാപക ചെയര്‍മാന്‍ കൂടിയായ ഏരീസ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സോഹന്റോയ് പറഞ്ഞു. മലയാള ഭാഷയ്ക്കായി മറ്റാരും നടത്താത്ത ഒരു പുരസ്‌കാര മേള യാണ് ഇന്‍ഡിവുഡ് സംഘടിപ്പിച്ചു വരുന്നതെന്ന് പ്രശസ്ത സാഹിത്യകാരനും കവിയും ആയ കെ. ജയകുമാര്‍ ഐഎഎസ് പറഞ്ഞു. പ്രസ് കോണ്‍ഫറന്‍സില്‍ പ്രദര്‍ശിപ്പിച്ച പ്രത്യേക വീഡിയോ സന്ദേശത്തിലൂടെ സംസാരിക്കുകയായിരുന്നു ഇരുവരും.

കേരള സാഹിത്യ അക്കാദമി ജേതാവും പ്രശസ്ത എഴുത്തുകാരനുമായ വി. ആര്‍. സുധീഷ് , ഒ. വി വിജയന്‍ പുരസ്‌കാര ജേതാവ് മധു അലനല്ലൂര്‍ , അധ്യാപക അവാര്‍ഡ് ജേതാവ് ( ഭിന്നശേഷി മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ) അച്യുതന്‍ പനച്ചിക്കുത്ത്, ഏരീസ് ഗ്രൂപ്പ് പ്രോജക്ട് മാനേജര്‍ അരുണ്‍ കരവാളൂര്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. സമഗ്ര സംഭാവനയ്ക്കുള്ള അഞ്ചു ലക്ഷത്തിയൊന്ന് രൂപയുടെ ഭാഷാകേസരി പുരസ്‌കാരത്തിന് കഴിഞ്ഞപ്രാവശ്യം അര്‍ഹനായ വ്യക്തി കൂടിയാണ് ഇപ്പോള്‍ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം കൂടി കരസ്ഥമാക്കിയ കെ ജയകുമാര്‍ ഐ എ എസ് ( റിട്ടയേഡ്). കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനില്‍ നിന്നായിരുന്നു അദ്ദേഹം കഴിഞ്ഞ തവണ ഭാഷാകേസരി പുരസ്‌കാരം ഏറ്റുവാങ്ങിയിരുന്നത്.