കോഴിക്കോട്: കോഴിക്കോട് ഫറോക്ക് നഗരസഭയില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ ഗുരുതരമായ വീഴ്ച കണ്ടെത്തി. വിവരാവകാശ കമ്മീഷണര്‍ നടത്തിയ പരിശോധനയിൽ രേഖകളില്‍ തിരുത്തല്‍ നടന്നതായും ഓരോ വര്‍ഷം നല്‍കേണ്ട വിവരാവകാശ കണക്കുകള്‍ നഗരസഭയില്‍ നൽകിയില്ലെന്നും വ്യക്തമായി. നിയമ വിരുദ്ധ നടപടികളാണ് പരിശോധനയിൽ പുറത്ത് വന്നത്.

അസിസ്റ്റന്‍റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറെ നഗരസഭയില്‍ നിയമിച്ചിട്ടില്ല. മാത്രമല്ല വിവരാവകാശ അപേക്ഷകരെ ശിക്ഷിക്കാനും വിലക്കാനും ശ്രമം നടന്നതായും പരിശോധനയില്‍ തെളിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് രേഖകൾ 14 ദിവസത്തിനുള്ളിൽ വിവരാവകാശ കമ്മീഷൻ്റെ വെബ് സൈറ്റിൽ അപ്‍ലോഡ് ചെയ്യണം.

രേഖകൾ സമർപ്പിക്കാതിരുന്നാൽ കടുത്ത നടപടി സ്വീകരിക്കുമെന്ന് കമ്മീഷണർ ഡോ. എ.അബ്ദുൾ ഹക്കിം വ്യക്തമാക്കി. സുപ്രീംകോടതി നിര്‍ദ്ദേശ പ്രകാരമായിരുന്നു വിവരാവകാശ കമ്മീഷണര്‍ ഫറോക്ക് നഗരസഭയില്‍ പരിശോധന നടത്തിയത്. വിവരാവകാശ കമ്മീഷണറായ ടി കെ രാമകൃഷ്ണനും പരിശോധനയില്‍ ഉണ്ടായിരുന്നു.