തിരുവനന്തപുരം: സംസ്ഥാനത്ത് ഐപിഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. ഏഴ് എസ്പിമാര്‍ക്കും രണ്ട് കമ്മീഷണര്‍മാര്‍ക്കുമാണ് മാറ്റം. കോഴിക്കോട് റൂറല്‍, കാസര്‍കോട്, കണ്ണൂര്‍ റൂറല്‍ കോട്ടയം, കൊല്ലം, പത്തനംതിട്ട, വയനാട് എസ്പിമാരെയാണ് സ്ഥലംമാറ്റിയത്. തിരുവനന്തപുരത്തും കൊച്ചിയിലും ഇനി മുതല്‍ ഐപിഎസ് ഉദ്യോഗസ്ഥരായ രണ്ട് ഡിസിപിമാര്‍ വീതം ഉണ്ടാകും. കാഫിര്‍ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കും മാറ്റമുണ്ട്.

കോഴിക്കോട് കമ്മീഷണര്‍ രാജ് പാല്‍ മീണയെ കണ്ണൂര്‍ റെയ്ഞ്ച് ഡിഐജിയാക്കി. ഡിഐജിയായിരുന്ന തോംസണെ നേരത്തെ മാറ്റിയിരുന്നു. കോഴിക്കോട് റൂറല്‍ എസ്പി അരവിന്ദ് സുകുമാരനും മാറ്റമുണ്ട്. തോംസണും അരവിന്ദ് സുകുമാറുമായിരുന്നു കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് അന്വേഷിച്ചിരുന്നത്. ടി നാരയണനാണ് പുതിയ കോഴിക്കോട് കമ്മീഷണര്‍. നിലവില്‍ വയനാട് ജില്ലാ പൊലീസ് മേധാവിയാണ്ടി നാരായണന്‍.

കോട്ടയം ജില്ലാ പൊലീസ് മേധാവിയായ കെ കാര്‍ത്തിക്കിനെ വിജിലന്‍സ് ആസ്ഥാനത്തെ സൂപ്രണ്ടായി നിയമിച്ചു. ആലപ്പുഴ ജില്ല പൊലീസ് മേധാവിയായ ചൈത്ര തെരേസ ജോണിനെ കൊല്ലം സിറ്റി പൊലീസ് കമ്മീഷണറായി മാറ്റി. കൊല്ലം കമ്മീഷണറായിരുന്ന വിവേക് കുമാറിനെ പ്രൊക്യുര്‍മെന്റ് എഐജിയായി മാറ്റി നിയമിച്ചു.

എറണാകുളത്തെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് സൂപ്രണ്ട് എസ് സുജിത് ദാസിനെ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയായി നിയമിച്ചു. പൊലീസ് ട്രെയിനിങ് കോളേജ് പ്രിന്‍സിപ്പല്‍ വി യു കുര്യാക്കോസിനെ എറണാകുളം ക്രൈംബ്രാഞ്ച് സൂപ്രണ്ടായി നിയമിച്ചു. ശില്‍പ ഡിയാണ് പുതിയ കാസര്‍കോഡ് ജില്ലാ പൊലീസ് മേധാവി. കാസര്‍കോഡ് ജില്ലാ പൊലീസ് മേധാവിയായിരുന്ന പി ബിജോയിയാണ് പുതിയ പൊലീസ് ട്രെയിനിങ് കോളേജ് പ്രിന്‍സിപ്പല്‍.

പത്തനംതിട്ട ജില്ല പൊലീസ് മേധാവി വി അജിതിനെ ക്രമസമാധാന വിഭാഗം എഡിജിപിയുടെ സ്‌പെഷ്യല്‍ ഓഫീസറായി നിയമിച്ചു.