കണ്ണൂര്‍: കണ്ണൂര്‍ പള്ളിക്കുന്നിലുള്ള കണ്ണൂര്‍സെന്‍ട്രല്‍ ജയിലില്‍ നിന്ന് സ്മാര്‍ട്ട് ഫോണും ചാര്‍ജറും പിടികൂടി. അഞ്ചാം ബ്ലോക്കിന്റെ പിറകുവശത്തു നിന്നാണ് സ്മാര്‍ട്ട് ഫോണും ചാര്‍ജറും ഇന്നലെ നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത്. സൂപ്രണ്ടിന്റെ പരാതിയില്‍ ടൗണ്‍ പൊലീസ് കേസെടുത്തു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജയിലനകത്ത് പരിശോധന ശക്തമാക്കിയിരുന്നു. പൊലീസ് അന്വേഷണം തുടങ്ങി. നേരത്തേയും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഫോണ്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇതുവരെയായി പത്തിലേറെ മൊബൈല്‍ ഫോണുകളും അനുബന്ധ ഉപകരണങ്ങളുമാണ് പിടിച്ചെടുത്തത്. അതീവ സുരക്ഷയുള്ള പത്താം ബ്‌ളോക്കില്‍ നിന്നും ഉള്‍പ്പെടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തിട്ടുണ്ട്.

രണ്ടു മാസം മുന്‍പ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സര്‍ക്കാര്‍ നിയോഗിച്ച ജയില്‍ സുരക്ഷാ സമിതി സുരക്ഷാ വീഴ്ച്ച അന്വേഷിക്കുന്നതിനായി എത്തിയിരുന്നു. ഗുരുതരമായ വീഴ്ച്ചകളാണ് അന്ന് സമിതി കണ്ടെത്തിയത്. ഇതിനു ശേഷം ജയിലില്‍ തുടര്‍ച്ചയായി റെയ്ഡ് നടന്നുവരികയാണ്. ഇതിനിടെ ജയിലില്‍ മയക്കുമരുന്ന് കടത്തിയതിന് മൂന്ന് പേരെ പൊലിസ് അറസ്റ്റുചെയ്തിരുന്നു.