കൊച്ചി: തനിക്കെതിരായി പീഡനക്കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ജയസൂര്യ ഹൈക്കോടതിയെ സമീപിച്ചു. പീഡനം നടന്നതായി പരാതിക്കാരി ആരോപിക്കുന്ന തിയതികളിലടക്കം വൈരുദ്ധ്യമുണ്ടെന്ന് ഹരജിയില്‍ പറയുന്നു.

സെപ്റ്റംബര്‍ 18ന് ജയസൂര്യ വിദേശത്ത് നിന്ന് മടങ്ങിവരും. വിദേശത്തായതിനാല്‍ എഫ്.ഐ.ആര്‍ നേരിട്ട് കണ്ടിട്ടില്ല. ഐ.പി.സി 354 വകുപ്പുകള്‍ ചുമത്തിയതിനാല്‍ ഓണ്‍ലൈനായി എഫ്.ഐ.ആര്‍ അപ്ലോഡ് ചെയ്തിട്ടുമില്ല. കസ്റ്റഡിയിലെടുക്കേണ്ട ആവശ്യമില്ലെന്നത് പരിഗണിച്ച് ജാമ്യം നല്‍കണമെന്നാണ് ജയസൂര്യയുടെ ആവശ്യം.

സെക്രട്ടേറിയറ്റിലെ സിനിമ ചിത്രീകരണത്തിനിടെ ശൗചാലയത്തിനു സമീപം ലൈംഗികാതിക്രമം നടത്തിയെന്നാണ് നടിയുടെ പരാതി. ഐ.പി.സി 354, 354 എ, 509 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ജയസൂര്യക്കെതിരെ കേസെടുത്തത്. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ക്കൊപ്പം ജാമ്യമില്ലാ വകുപ്പും ചുമത്തിയിട്ടുണ്ട്. രണ്ടു യുവനടിമാരുടെ പരാതിയിലാണ് നിലവില്‍ ജയസൂര്യക്കെതിരെ കേസുള്ളത്.