കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് നടിയും അമ്മ എക്‌സിക്യൂട്ടീവ് അംഗവുമായ ജോമോള്‍. തന്നോട് ഇതുവരെയാരും മോശമായി സംസാരിച്ചിട്ടില്ല. കതകില്‍ തട്ടിയിട്ടുമില്ലെന്നും ജോമോള്‍ പറഞ്ഞു. ഞാനെത്രയോ കാലമായി സിനിമയില്‍ അഭിനയിക്കുന്നു. ഇന്നേവരെ സ്വന്തം അനുഭവമുണ്ടായിട്ടില്ല. നിങ്ങള്‍ പറയുന്നത് പോലെ കതകില്‍ വന്ന് തട്ടുകയോ അല്ലെങ്കില്‍ കൂടെ സഹകരിച്ചാല്‍ മാത്രമേ സിനിമയില്‍ അഭിനയിക്കാന്‍ അവസരമുള്ളൂവെന്ന് തന്നോടാരും പറഞ്ഞിട്ടില്ലെന്നും ജോമോള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഒളിച്ചോടിയിട്ടില്ലെന്ന് ജനറല്‍ സെക്രട്ടറി സിദ്ധിഖ് പറഞ്ഞു. സിനിമയില്‍ പവര്‍ ഗ്രൂപ്പും മാഫിയയും ഇല്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന കുറ്റക്കാര്‍ക്കെതിരെ കേസെടുക്കണം. മാധ്യമങ്ങള്‍ തങ്ങളെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതില്‍ വിഷമമുണ്ട്. തെറ്റ് ചെയ്തവര്‍ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷിക്കണം.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെച്ചൊല്ലി അമ്മയില്‍ തന്നെ ഭിന്നത നിലനില്‍ക്കേയാണ് ഔദ്യോഗിക പ്രതികരിക്കാന്‍ സംഘടന തീരുമാനിച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട് പുറത്തുവന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും നിലപാട് വ്യക്തമാക്കാത്ത സിനിമാ സംഘടനകള്‍ക്കെതിരെ കടുത്ത വിമര്‍ശനം ഉയരുന്നതിനിടെയാണ് താരംസംഘടനയായ അമ്മയിലെ ഭിന്നത പുറത്തുവന്നത്. നിലപാട് വ്യക്തമാക്കുന്നതില്‍ താരസംഘടനയ്ക്ക് പിഴവ് പറ്റിയെന്നും തെറ്റ് ചെയ്തവരെ ഒരിക്കലും സംരക്ഷിക്കില്ലെന്നും അമ്മ വൈസ് പ്രസിഡന്റ് ജയന്‍ ചേര്‍ത്തല പ്രതികിച്ചതിന് പിന്നാലെയാണ് 'അമ്മ' യോഗം വിളിച്ചതും ഔദ്യോഗിക പ്രതികരണത്തിന് തയ്യാറായതും.

ജനറല്‍ സെക്രട്ടറി, എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ സിദ്ദിഖ്, വിനു മോഹന്‍, ചേര്‍ത്തല ജയന്‍, ജോമോള്‍, അനന്യ എന്നിവരാണ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്.