തിരുവനന്തപുരം: വ്യാജ ലോട്ടറി തട്ടിപ്പ് കേസിൽ വിചാരണ തുടങ്ങി. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കെ. വിദ്യാധരൻ മുമ്പാകെയാണ് 2019 മുതൽ വിചാരണ മുടങ്ങിയ കേസിൽ വിചാരണ ആരംഭിച്ചത്. ഒന്നാം സാക്ഷിയായി ലോട്ടറി വകുപ്പ് ഡയക്ടറെ വിസ്തരിച്ചു. 4 പ്രാമാണിക രേഖകൾ പ്രോസിക്യൂഷൻ ഭാഗം രേഖകളാക്കി കോടതി തെളിവിൽ സ്വീകരിച്ചു. സാക്ഷികളെ കോടതിയിൽ ഹാജരാക്കാത്ത ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിക്ക് കാരണം കാണിക്കൽ മെമോ നൽകിയിരുന്നു. കോടതിയുടെ സമൻസുത്തരവ് നടപ്പിലാക്കാത്തതിന് ഡിവൈഎസ്‌പിക്കെതിരെ നടപടിയെടുക്കാതിരിക്കാൻ കാരണം ഉണ്ടെങ്കിൽ ബോധിപ്പിക്കണമെന്ന് കാണിച്ചാണ് മെമോ നൽകിയത്. സാക്ഷികളെ 2020 ഓഗസ്റ്റ് 10 ന് ഹാജരാക്കുന്നതിലേക്കായി മെയ് 22 നാണ് കോടതിയിൽ നിന്നും ക്രൈംബ്രാഞ്ചിന് സമൻസ് ഉത്തരവ് നൽകിയത്.

എന്നാൽ സമൻസ് ഉത്തരവ് നടപ്പിലാക്കുകയോ കാരണം രേഖപ്പെടുത്തി സമൻസ് തിര്യെ കോടതിയിൽ സമർപ്പിക്കുകയോ ചെയ്യാതെ കൃത്യവിലോപം കാട്ടിയതിനാണ് കോടതിയുടെ മെമോ. ചെന്നൈ വേപെരി ഹൈ റോഡിൽ ഫ്‌ളാറ്റ് നമ്പർ 17 ൽ താമസം ഊർമിന ബാഫ്‌ന, വിജയകുമാർ ബാഫ്‌ന എന്നിവരാണ് കേസിലെ പ്രതികൾ .

1998 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.സംസ്ഥാന സർക്കാരിന്റെ വ്യാജ ലോട്ടറി ടിക്കറ്റ് ഹാജരാക്കി 25 ലക്ഷം രൂപയും മാരുതി കാറും തട്ടിയെടുക്കാൻ ശ്രമിച്ച കേസിലെ തൊണ്ടി മുതലായ വ്യാജ ലോട്ടറി ടിക്കറ്റ് കോടതിയിൽ ഹാജരാക്കാത്തതിന് ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിയെ കോടതി 2009 ൽ നിശിതമായി വിമർശിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്‌പിയെ കോടതിയിൽ വിളിച്ചു വരുത്തിയാണ് അന്നത്തെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് രാം വിലാസ് കമ്മത്ത് ശാസിക്കുകയും വിമർശിക്കുകയും ചെയ്തത്.

തുടർന്ന് തൊണ്ടി മുതൽ ഇല്ലാത്ത 'തെളിവില്ലാ ' കേസ് എന്ന് ചൂണ്ടിക്കാട്ടി തങ്ങളെ വിചാരണ കൂടാതെ കുറ്റവിമുക്തരാക്കണമെന്ന് കാണിച്ച് പ്രതികൾ വിടുതൽ ഹർജി സമർപ്പിച്ചു. ഹർജി അനുവദിച്ച് പ്രതികൾക്കെതിരായ കുറ്റപത്രം അടിസ്ഥാന രഹിതമെന്ന് പ്രസ്താവിച്ച് സിജെഎം 2 പ്രതികളെയും 2010ൽ കുറ്റവിമുക്തരാക്കി വിട്ടയച്ചു. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 239 പ്രകാരമാണ് പ്രതികളെ വിട്ടയച്ചത്.

എന്നാൽ വിടുതൽ ഉത്തരവിനെ തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി റദ്ദാക്കുകയും പ്രതികളെ വീണ്ടും വിളിച്ചു വരുത്തി പുനർവിചാരണ ചെയ്യാൻ വിചാരണക്കോടതിയായ സിജെഎം കോടതിക്ക് നിർദ്ദേശം നൽകുകയും ചെയ്തു. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 399 പ്രകാരം സെഷൻസ് കോടതിക്ക് നിക്ഷിപ്തമായ ക്രിമിനൽ റിവിഷൻ അധികാരം ഉപയോഗിച്ചാണ് കീഴ്ക്കോടതി ഉത്തരവ് റദ്ദാക്കി പുനർവിചാരണക്ക് ഉത്തരവിട്ടത്. ഈ ഉത്തരവ് ലഭിച്ച സിജെഎം പ്രതികളെ വിളിച്ചു വരുത്തുകയും വിചാരണക്ക് മുന്നോടിയായി പ്രതികൾക്ക് മേൽ കുറ്റം ചുമത്തുകയും ചെയ്തു. തുടർന്നാണ് സാക്ഷികളെ ഹാജരാക്കാൻ അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പിക്ക് കോടതി നിർദ്ദേശം നൽകിയത്.

സംസ്ഥാന സർക്കാരിന്റെ ഒന്നാം സമ്മാനം തങ്ങൾക്കാണ് ലഭിച്ചതെന്നവകാശപ്പെട്ട് പ്രതികൾ ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പരിലുള്ള വ്യാജ ലോട്ടറി ടിക്കറ്റ് നിർമ്മിച്ച് അസ്സൽ പോലെ ഉപയോഗിച്ച് ചെന്നൈ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ വഴി മാറിയെടുക്കാൻ ശ്രമിച്ച് സംസ്ഥാന സർക്കാരിനെ വഞ്ചിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. ലോട്ടറി വകുപ്പിന്റെ പരാതിയിൽ ക്രൈം ബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഡിവൈഎസ്‌പിയാണ് കേസന്വേഷിച്ചത്. 2003 നവംബർ 10 ന് ആണ് പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്.