തിരുവനന്തപുരം: ഡോക്ടർ നിയമന കൈക്കൂലി സംഭവത്തിൽ ഒക്ടോബർ 4 ന് റിമാന്റിലായ പ്രതി കോഴിക്കോട് സ്വദേശി റഹീസിന് പ്രൊഡക്ഷൻ വാറണ്ട്. തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിയുടേതാണുത്തരവ്. പ്രതിയെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കാൻ ജയിൽ സൂപ്രണ്ടിനോട് കോടതി ഉത്തരവിട്ടു.

പ്രതികൾ തമ്മിലുള്ള ഗൂഢാലോചന , തൊണ്ടിപ്പണം വീണ്ടെടുക്കൽ , വ്യാജ ഇലക്ട്രോണിക് രേഖകളുടെ ഉറവിടം , നിർമ്മാണം എന്നിവ കണ്ടെത്താൻ പ്രതിയെ കസ്റ്റഡിയിൽ വെച്ച് ചോദ്യം ചെയ്യാൻ അനുമതി തേടിയുള്ള പൊലീസിന്റെ കസ്റ്റഡി അപേക്ഷയിലാണ് കോടതി ഉത്തരവ്. റഹീസ് ആണ് കേസിൽ ആദ്യം അറസ്റ്റിലായത്. വ്യാജ നിയമന ഉത്തരവ് നിർമ്മിച്ചത് ഇയാളുടെ അറിവോടെയാണ്. ഗൂഢാലോചനയിലും ഇയാൾക്ക് പങ്കുണ്ടെന്ന് പൊലീസ് റിമാന്റ് റിപ്പോർട്ടിൽ പറയുന്നു. പ്രതിയിൽ നിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോണിൽ ഗൂഢാലോചന സംബന്ധിച്ച നിരവധി തെളിവുകളും പ്രതികൾ തമ്മിലുള്ള അടുപ്പം തെളിയിക്കുന്ന വസ്തുതകളും ഉണ്ടെന്നും റിമാന്റ് റിപ്പോർട്ടിലുണ്ട്.
പരാതിക്കാരൻ ഹരിദാസന്റെ സുഹൃത്തായ ബാസിതിനെ കേസിലെ പ്രതി അഖിൽ സജീവുമായി പരിചയപ്പെടുത്തിയത് റഹീസ് ആണ്. എഐഎസ്എഫ് മുൻ നേതാവായ ബാസിതിനെ പൊലീസ് ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു. വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇടനിലക്കാരനായ അഖിൽ സജീവും മന്ത്രി വീണാ ജോർജിന്റെ പേഴ്സണൽ സ്റ്റാഫ് അംഗം അഖിൽ മാത്യുവും പണം വാങ്ങിയെന്നാണ് ആരോപണം. അഖിൽ സജീവിന് 75000 രൂപയും അഖിൽ മാത്യുവിന് ഒരു ലക്ഷം രൂപയും നൽകിയെന്നാണ് പരാതിക്കാരൻ ഹരിദാസ് ആരോപിക്കുന്നത്. നിയമനത്തിനായി ഇവർ 15 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടതെന്നും നിയമനം ലഭിക്കുമെന്നറിയിച്ച് ആയുഷിൽ നിന്ന് ഇമെയിൽ സന്ദേശം ലഭിച്ചുവെന്നുമാണ് പരാതിയിൽ വ്യക്തമാക്കുന്നത്. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പേഴ്സണൽ സ്റ്റാഫ് അംഗമായ അഖിൽ മാത്യുവും ഇടനിലക്കാരനായ പത്തനംതിട്ട സിഐ.ടി.യു ജില്ലാ മുൻ ഓഫീസ് സെക്രട്ടറി അഖിൽ സജീവും പണം തട്ടിയെന്നാണ് പരാതി. മകന്റെ ഭാര്യയുടെ നിയമനത്തിന് വേണ്ടി പണം നൽകിയ മലപ്പുറം സ്വദേശി ഹരിദാസാണ് തട്ടിപ്പിന് ഇരയായത്.

ആയുഷ് മിഷന് കീഴിൽ മലപ്പുറം മെഡിക്കൽ ഓഫീസറായി ഹോമിയോ വിഭാഗത്തിൽ നിയമനം വാഗ്ദാനം ചെയ്താണ് ഇരുവരും പണം വാങ്ങിയത്. താത്കാലിക നിയമനത്തിന് 5 ലക്ഷവും സ്ഥിരപ്പെടുത്തുന്നതിന് 10 ലക്ഷവും ഉൾപ്പടെ 15 ലക്ഷമാണ് സംഘം ആവശ്യപ്പെട്ടത്. ഭരണം മാറും മുൻപ് നിയമനം സ്ഥിരപ്പെടുത്തുമെന്ന് ഉറപ്പും നൽകി.

തിരുവനന്തപുരത്തെ ആരോഗ്യ വകുപ്പ് ഓഫീസിന് സമീപത്ത് വെച്ച് അഖിൽ മാത്യുവിന് ഒരു ലക്ഷം രൂപയും ഇടനിലക്കാരനായ അഖിൽ സജീവിന് 50000 രൂപ നേരിട്ടും 25000 രൂപ ബാങ്ക് മുഖേനയും നൽകിയെന്നാണ് പരാതിക്കാരന്റെ ആരോപണം. നിയമനത്തിന് ആരോഗ്യ വകുപ്പിൽ അപേക്ഷ നൽകിയപ്പോൾ അഖിൽ സജീവ് നിയമനം ഉറപ്പ് നൽകി തങ്ങളെ ഇങ്ങോട്ട് വന്ന് സമീപിക്കുകയായിരുന്നുവെന്ന് ആരോഗ്യ മന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു. ആരോഗ്യ വകുപ്പിനും മന്ത്രിക്കും പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്നും ഹരിദാസ് പറയുന്നു. നിയമനം ലഭിക്കുമെന്നറിയിച്ച് ആയുഷിൽ നിന്ന് ഇമെയിൽ സന്ദേശം ലഭിച്ചുവെന്നുമാണ് പരാതിയിൽ വ്യക്തമാക്കുന്നത്. ആയുഷിന്റേതെന്ന പേരിൽ വ്യാജ ഇമെയിൽ നിർമ്മിച്ചത് അഖിൽ സജീവാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

വഞ്ചനാ കുറ്റം ചുമത്തിയാണ് കേസിൽ അഖിൽ സജീവിനെയും അഡ്വ. ലെനിനെയും പ്രതി ചേർത്തിരിക്കുന്നത്. പ്രതികൾക്കെതിരെ ഐടി ആക്ടിലെ വകുപ്പുകളും ചുമത്തിതിയിട്ടുണ്ട്. ഇരുവരും ഒളിവിലാണ്. അഖിൽ സജീവൻ തമിഴ്‌നാട്ടിലേക്ക് കടന്നെന്നാണ് പൊലീസിന് കിട്ടുന്ന വിവരം. മന്ത്രി വീണാ ജോർജ്ജിന്റെ ഓഫീസ് പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ പൊതുഭരണ വകുപ്പ് പൊലീസിന് കൈമാറിയിട്ടുണ്ട്. ആരോപണം ശരിവയ്ക്കുന്ന ദൃശ്യങ്ങളൊന്നും പൊലീസിന് കിട്ടിയിട്ടില്ല.

നിയമന കോഴക്കേസിൽ മൊഴിയിൽ ഉറച്ച് നിൽക്കുകയാണ് പരാതിക്കാരനായ ഹരിദാസൻ. അഖിൽ മാത്യുവിനാണ് താൻ പണം കൈമാറിയതെന്ന് കന്റോൺമെന്റ് പൊലീസിനോട് ഹരിദാസൻ ആവർത്തിച്ചു. പുറത്തുവന്ന സിസിടിവി ദൃശ്യങ്ങൾ പ്രതികൂലമാണെങ്കിലും മൊഴിയിൽ ഉറച്ച് നിൽക്കുകയാണ് ഹരിദാസൻ.