തിരുവനന്തപുരം: ശ്രീകാര്യം എന്‍ജിനീയറിങ് കോളേജില്‍ നടന്ന പണാപഹരണ കേസില്‍ യുഡി ക്ലാര്‍ക്ക് ഗോപകുമാറിന് മൂന്ന് വിജിലന്‍സ് കേസുകളിലായി 30 വര്‍ഷം കഠിന തടവും 3,30000/ രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് പ്രതിയായ തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജിലെ മുന്‍ എ 4 സെക്ഷന്‍ യുഡി ക്ലാര്‍ക്ക് ഗോപകുമാറിനെ ശിക്ഷിച്ചത്.

ഗുരുതരവും ഗൗരവമേറിയതുമായ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയ പ്രതി നല്ലനടപ്പു നിയമത്തിന്റെ ഔദാര്യത്തിന് അര്‍ഹതയില്ലെന്ന് ജഡ്ജി എം.വി.രാജകുമാര വിധി ന്യായത്തില്‍ ചൂണ്ടിക്കാട്ടി. 2010 ല്‍ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. ഫീസിനത്തിലും മറ്റും വിദ്യാര്‍ത്ഥികളില്‍ നിന്നും മറ്റും ലഭിച്ച തുകയും സര്‍ക്കാര്‍ ഗ്രാന്റുകളും പൊതു സേവകനായ പ്രതി തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് രജിസ്റ്ററില്‍ തിരിമറി നടത്തി അപഹരിച്ച് എടുത്ത് സ്വന്തം ആവശ്യത്തിന് ഉപയോഗിച്ചുവെന്നാണ് കേസ്.

3 പണാപഹരണ കേസുകളിലായാണ് പ്രതിയെ ശിക്ഷിച്ചത്. വിജിലന്‍സിന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ രഞ്ജിത്ത് കുമാര്‍ എല്‍ ആര്‍ ഹാജരായി. തിരുവനന്തപുരം വിജിലന്‍സ് യൂണിറ്റ് മുന്‍ ഡിവൈഎസ്പി ശ്രീ രാജേന്ദ്രന്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയ കേസുകളില്‍ മുന്‍ ഡിവൈഎസ്പി ആര്‍. മഹേഷ് ആണ് കുറ്റപത്രം സമര്‍പ്പിച്ചത്.