പത്തനംതിട്ട: അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സ്‌കൂളില്‍ നിന്നും മടങ്ങിവരുന്ന വഴിയില്‍ ഓട്ടോറിക്ഷയില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഡ്രൈവര്‍ക്ക് ട്രിപ്പിള്‍ ജീവപര്യന്തം വിധിച്ച് പോക്സോ സ്പെഷല്‍ കോടതി. വള്ളംകുളം പടിഞ്ഞാറ് മുറിയില്‍ കരുവള്ളിപ്പാറ കൊച്ചീത്രയില്‍ ബിനു എന്നു വിളിക്കുന്ന ഷാജിയെ (48) ആണ് പോക്സോ സെപഷ്യല്‍ ജഡ്ജ് ഡോണി തോമസ് വര്‍ഗീസ് ട്രിപ്പിള്‍ ജീവപര്യപര്യന്തം തടവിനും മൂന്നര ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ച് വിധി പ്രസ്താവിച്ചത്.

പിഴ ഒടുക്കാതിരുന്നാല്‍ മൂന്നു വര്‍ഷം അധിക കഠിന തടവും അനുഭവിക്കണം. പോക്സോ ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് പ്രതിക്ക് മൂന്ന് ജീവപര്യന്തം ശിക്ഷ ലഭിച്ചത്. പ്രതി ശിഷ്ടകാലം മുഴുവന്‍ തടവുശിക്ഷ അനുഭവിക്കണമെന്ന് വിധിയില്‍ പ്രത്യേക പരാമര്‍ശം ഉണ്ട്. 2017-18 കാലയളവിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.

പെണ്‍കുട്ടിയെ ദിവസേന ഓട്ടോറിക്ഷയില്‍ സ്‌കൂളില്‍ കൊണ്ടു പോകുന്നതിനും മടക്കി കൊണ്ടു വരുന്നതിനും പ്രതിയെ ചുമതലപ്പെടുത്തിയിരുന്നു.ഏറ്റവും അവസാനം വാഹനത്തില്‍ നിന്ന് ഇറങ്ങുന്നത് ഈ കുട്ടിയായിരുന്നുവെന്ന അവസരം മുതലെടുത്തായിരുന്നു പീഡനം. പെണ്‍കുട്ടിയുടെ വീട് കഴിഞ്ഞിട്ടും കുട്ടിയെ ഇറക്കാതെ പ്രതി ഓട്ടോയില്‍ ചുറ്റുന്നത് ശ്രദ്ധയില്‍പ്പെട്ട ബന്ധു വിവരം മാതാപിതാക്കളെ അറിയിച്ചതോടെയാണ് വിവിധ ദിവസങ്ങളില്‍ നടന്ന പീഡന വിവരങ്ങള്‍ പുറത്തറിഞ്ഞത്.

മാതാപിതാക്കള്‍ സ്‌കൂള്‍ അധികൃതരെ വിവരം അറിയിക്കുകയും തുടര്‍ന്ന് തിരുവല്ല പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. ജയ്സണ്‍ മാത്യൂസ് ഹാജരായി. തിരുവല്ല പോലീസ് ഇന്‍സ്പെക്ടര്‍ ആയിരുന്ന ടി. രാജപ്പനായിരുന്നു കേസിന്റെ അന്വേഷണ ചുമതല.