തിരുവനന്തപുരം: ഓസ്‌ട്രേലിയയില്‍ ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ പണം തട്ടിപ്പ് നടത്തിയ വഞ്ചന കേസില്‍
മെഡിക്കല്‍ കോളേജ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് കോടതിയുടെ ശകാരവും രൂക്ഷ വിമര്‍ശനവും. തിരുവനന്തപുരം അഡീ.ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് എല്‍സാ കാതറിന്‍ ജോര്‍ജാണ് അന്വേഷണ ഉദ്യോഗസ്ഥനായ സി ഐ യെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്.

ഓസ്‌ട്രേലിയയില്‍ ജോലി വാഗ്ദാനം ചെയ്ത് സംസ്ഥാനത്തുടനീളം നാല്‍പ്പതില്‍പരം ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും കോടികള്‍ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി മധുസൂദനനെ കസ്റ്റഡിയില്‍ വാങ്ങാനെത്താത്തതാണ് കോടതിയെ ചൊടിപ്പിച്ചത്. രാവിലെ 11 മണിക്ക് ജയില്‍ അധികൃതര്‍ എത്തിച്ച പ്രതിയുമായി ഉച്ചക്ക് 1.30 മണി വരെ കോടതിയില്‍ നിര്‍ത്തിയിട്ടും സിഐ പ്രതിയെ ഏറ്റു വാങ്ങാന്‍ എത്തിയില്ല. കസ്റ്റഡി അപേക്ഷയുടെ ബാല പാഠങ്ങള്‍ സി ഐ ക്ക് അറിയില്ലേയെന്ന് കോടതി ചോദിച്ചു. തുടര്‍ന്ന് പ്രൊഡക്ഷന്‍ വാറണ്ടയച്ചു വരുത്തിയ പ്രതിയെ കോടതി ജയിലിലേക്ക് തിരിച്ചയച്ചു.

കൂട്ടു പ്രതി അശ്വിന്റെ റിമാന്റ് സെപ്റ്റംബര്‍ 5 വരെ നീട്ടി ജയിലിലേക്ക് തിരിച്ചയച്ചു. കോയമ്പത്തൂര്‍, രത്തിനപുരി ഗാന്ധിജി റോഡില്‍ ശ്രീറാം ശങ്കരി അപ്പാര്‍ട്ട്‌മെന്റില്‍ ആഷ്ടണ്‍ മൊണ്ടീറോ എന്ന് വിളിക്കുന്ന ആര്‍. മധുസൂദനനെ (42) നൂറനാട് പോലീസാണ് ബാംഗ്ലൂരില്‍ നിന്നും അറസ്റ്റ് ചെയ്തത്.

ഓസ്‌ട്രേലിയയിലെ സിമിക്ക് ഗ്രൂപ്പ് ലിമിറ്റഡ് എന്ന കമ്പനിയില്‍ സോഫ്റ്റ് സ്‌കില്‍ ട്രെയിനര്‍മാരെ ആവശ്യമുണ്ടെന്ന് കാട്ടി സമൂഹമാധ്യമങ്ങളില്‍ പരസ്യം നല്‍കിയതിനെ തുടര്‍ന്ന് നിരവധി യുവാക്കളും യുവതികളും ജോലിക്കായി ബയോഡേറ്റ സമര്‍പ്പിച്ചു. ഇയാളുടെ കൂട്ടാളികളായ ചിലരാണ് ഉദ്യോഗാര്‍ത്ഥികളെ ബന്ധപ്പെട്ടിരുന്നത്. മധുസൂദനന്‍ കമ്പനി പ്രതിനിധിയാണെന്ന് പറഞ്ഞ് ഓണ്‍ലൈന്‍ വഴി ഇന്റര്‍വ്യൂ നടത്തി. തിരുവനന്തപുരത്തും കൊച്ചിയിലും ഇന്റര്‍വ്യൂവിനായി ആഡംബര കാറുകളില്‍ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ എത്തിയ മധുസൂദനന്‍ ആഷ്ടണ്‍ മൊണ്ടീറോ എന്ന ഓസ്‌ട്രേലിയന്‍ പൗരന്‍ എന്ന് പറഞ്ഞാണ് ഉദ്യോഗാര്‍ത്ഥികളെ പരിചയപ്പെട്ടത്.

ഇയാളുടെ വ്യക്തിപ്രഭാവത്തിലും ഇന്റര്‍വ്യൂവിലും അത്ഭുതപ്പെട്ട 40 ഓളം യുവാക്കളും യുവതികളും ജോലി കിട്ടും എന്ന് ഉറപ്പിച്ച് വിസ പ്രോസസ്സിങ്ങിനായി ഇയാള്‍ ആവശ്യപ്പെട്ടതുപ്രകാരം 7 ലക്ഷം രൂപ വീതം ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചു കൊടുത്തു. പണം കിട്ടിയ ശേഷം ഈ സംഘം അപ്രത്യക്ഷരാകുകയായിരുന്നു. ഉദ്യോഗാര്‍ത്ഥികളുടെ പരാതികളില്‍ അങ്കമാലി, കാലടി, നെടുമ്പാശ്ശേരി, തൃശ്ശൂര്‍ ഈസ്റ്റ്, മൂവാറ്റുപുഴ, കരമന, മെഡിക്കല്‍ കോളേജ് , നൂറനാട് എന്നീ പൊലീസ് സ്റ്റേഷനുകളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

നൂറനാട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ മധുസൂദനന്‍ രാജ്യം വിട്ടിട്ടില്ല എന്ന് മനസ്സിലായതിനെ തുടര്‍ന്ന് അന്വേഷണം വ്യാപിപ്പിച്ചു. ബാംഗ്ലൂരില്‍ ഉദയനഗര്‍ എന്ന സ്ഥലത്ത് പേയിംഗ് ഗസ്റ്റായി ഇയാള്‍ താമസിച്ചുവരുന്നതായി വിവരം ലഭിക്കുകയും ജൂണ്‍ 27 ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു. മലയാളിയായ ഇയാള്‍ തമിഴ്നാട്ടിലാണ് കുടുംബത്തോടൊപ്പം താമസിച്ചുവന്നിരുന്നത്. ഇംഗ്ലീഷ്, മലയാളം, തമിഴ്, ഹിന്ദി, കന്നട, ഫ്രഞ്ച്, ജര്‍മ്മന്‍, പഞ്ചാബി എന്നിവ ഉള്‍പ്പെടെ 15 ഭാഷകള്‍ വശമുള്ള ഇയാള്‍ കഴിഞ്ഞ രണ്ടുമാസമായി ബാംഗ്ലൂര്‍ നഗരത്തില്‍ ഒ ഇ ടി ഇംഗ്ലീഷ് ഭാഷ പഠിപ്പിക്കുന്ന സ്ഥാപനത്തില്‍ ട്യൂട്ടറായി ജോലി നോക്കുകയായിരുന്നു. മാവേലിക്കര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി - 2 ല്‍ ഹാജരാക്കിയ പ്രതിയെ ജൂണ്‍ 28 ന് റിമാന്‍ഡ് ചെയ്തിരുന്നു.