തിരുവനന്തപുരം : ഓണ്‍ലൈന്‍ വ്യാപാരത്തിലൂടെ വന്‍ ലാഭം കൊയ്യാമെന്ന് വിശ്വസിപ്പിച്ച് 14.45 ലക്ഷം രൂപയുടെ ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയെന്ന സൈബര്‍ ക്രൈം കേസിലെ മുഖ്യ പ്രതിക്ക് കോടതി ജാമ്യം നിഷേധിച്ചു. ആഗസ്റ്റ് 17 മുതല്‍ പൂജപ്പുര ജില്ലാ ജയിലില്‍ കഴിയുന്ന മുഖ്യ പ്രതിയായ കൊല്ലം ഉമയനല്ലൂര്‍ സ്വദേശി സലിം മകന്‍ അമല്‍ ഷായ്ക്കാണ് ജാമ്യം നിരസിച്ചത്.

തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് എല്‍സാ കാതറിന്‍ ജോര്‍ജാണ് പ്രതിയുടെ ജാമ്യ ഹര്‍ജി തള്ളിയത്. പ്രതിയെ കസ്റ്റഡിയില്‍ വെച്ച് ചോദ്യം ചെയ്ത് ചതിച്ചെടുത്ത പണം വീണ്ടെടുക്കാന്‍ സിറ്റി സൈബര്‍ ക്രൈം പോലീസിന്റെ 48 മണിക്കൂര്‍ കസ്റ്റഡിയില്‍ വിടുകയും ചെയ്തു.

2024 ജനുവരിയിലാണ് സംഭവം നടന്നത്. ഒളിവില്‍ കഴിയുന്ന ഒന്നാം പ്രതി ഫെയ്‌സ് ബുക്കില്‍ ഒരു പരസ്യം ചെയ്യുകയും വിവിധ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ ലിങ്കുകള്‍ നല്‍കുകയും ചെയ്താണ് തട്ടിപ്പ് നടത്തിയതെന്നാണ് കേസ്. ലിങ്കില്‍ കയറിയ പരാതിക്കാരനോട് തങ്ങള്‍ നല്‍കുന്ന ഓണ്‍ലൈന്‍ വ്യാപാര ട്രെയിനിംഗില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെടുകയും വ്യാപാരത്തിലൂടെ വന്‍ ലാഭം നേടാമെന്ന് വഞ്ചനാപരമായി വാഗ്ദാനം ചെയ്തു. തുടര്‍ന്ന് 2 മുതല്‍ 5 വരെ പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് വിവിധ തുകകള്‍ ജനുവരി 6 മുതല്‍ വിവിധ തീയതികളിലായി ട്രാന്‍സ്ഫര്‍ ചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്തു.

അപ്രകാരം 14,45,000 രൂപ പ്രതികള്‍ കൈക്കലാക്കി ചതിച്ചു. ജനുവരി 6 ന് വാദിയുടെ എസ് ബി ഐ അക്കൗണ്ടില്‍ നിന്നും രണ്ടാം പ്രതിയുടെ പേരിലുള്ള സ്‌കൈ ബിസ് പാക്കേഴ്‌സ് ആന്റ് മൂവേഴ്‌സ് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്ത 5 ലക്ഷം രൂപ ജനുവരി 8 ന് മുഖ്യപ്രതിയായ അമല്‍ ഷായുടെ കാനറാ ബാങ്ക് അക്കൗണ്ടിലേക്ക് വീണ്ടും ട്രാന്‍സ്ഫര്‍ ചെയ്തത് ചെക്ക് ലീഫ് മുഖേന അമല്‍ ഷാ പിന്‍വലിച്ചെടുത്ത് പണാപഹരണം നടത്തിയെന്നാണ് കേസ്.

അമല്‍ ഷായുടെ പങ്കാളിത്തം പ്രഥമദൃഷ്ട്യാ വെളിവാക്കുന്ന വസ്തുതകള്‍ കോടതി മുമ്പാകെയുണ്ട്. 14.4 5 ലക്ഷം രൂപയുടെ വിശ്വാസ വഞ്ചന നടന്ന ഗൗരവ സ്വഭാവമുള്ള കേസാണിത്. മറ്റു പ്രതികളെ അറസ്റ്റ് ചെയ്യേണ്ടതായുണ്ട്. മുഖ്യ പ്രതിയെ ജാമ്യത്തില്‍ വിട്ടയച്ചാല്‍ സമാന കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാനും സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ തെളിവു നശിപ്പിക്കാനോ സാധ്യതയുണ്ടെന്നും വിലയിരുത്തിയാണ് ജാമ്യഹര്‍ജി തള്ളിയത്.