- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടൂര്‍ ഓപ്പറേറ്ററുടെ അശ്രദ്ധ മൂലം ഇന്‍ഷുറന്‍സ് തുക നഷ്ടമായി; യാത്രക്കാരന് മുക്കാല്‍ ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം
കൊച്ചി: ട്രാവല്‍ ഇന്‍ഷുറന്‍സ് അപേക്ഷയില്‍ തീയതി തെറ്റായി രേഖപ്പെടുത്തിയതിനാല്‍ ഇന്‍ഷുറന്‍സ് തുക നിഷേധിക്കപ്പെട്ട യാത്രക്കാരന് ടൂര്‍ ഓപ്പറേറ്റര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. ഇടപ്പള്ളി സ്വദേശി ചന്ദ്രമോഹന്‍ , എറണാകുളത്ത് പ്രവര്‍ത്തിക്കുന്ന ബെന്നി റോയല്‍ ടൂര്‍സ് എന്ന സ്ഥാപനത്തിനെതിരെ സമര്‍പ്പിച്ച പരാതിയിലാണ് എറണാകുളം ജില്ലാ ഉപഭോക്തൃ കോടതിയുടെ ഉത്തരവ്. 2022 ജനുവരി 16 മുതല്‍ 26 വരെയുള്ള തീയതികളിലാണ് 25 പേരുള്ള യാത്ര സംഘം ഈജിപ്ത്, ജോര്‍ദാന്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് യാത്ര […]
കൊച്ചി: ട്രാവല്‍ ഇന്‍ഷുറന്‍സ് അപേക്ഷയില്‍ തീയതി തെറ്റായി രേഖപ്പെടുത്തിയതിനാല്‍ ഇന്‍ഷുറന്‍സ് തുക നിഷേധിക്കപ്പെട്ട യാത്രക്കാരന് ടൂര്‍ ഓപ്പറേറ്റര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. ഇടപ്പള്ളി സ്വദേശി ചന്ദ്രമോഹന്‍ , എറണാകുളത്ത് പ്രവര്‍ത്തിക്കുന്ന ബെന്നി റോയല്‍ ടൂര്‍സ് എന്ന സ്ഥാപനത്തിനെതിരെ സമര്‍പ്പിച്ച പരാതിയിലാണ് എറണാകുളം ജില്ലാ ഉപഭോക്തൃ കോടതിയുടെ ഉത്തരവ്.
2022 ജനുവരി 16 മുതല്‍ 26 വരെയുള്ള തീയതികളിലാണ് 25 പേരുള്ള യാത്ര സംഘം ഈജിപ്ത്, ജോര്‍ദാന്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് യാത്ര തിരിച്ചത്. ടൂര്‍ പാക്കേജില്‍ ഇന്‍ഷുറന്‍സ് കവറേജ് കൂടി ടൂര്‍ ഓപ്പറേറ്റര്‍ ഉള്‍പ്പെടുത്തിയിരുന്നു. ഈജിപ്തില്‍ നിന്ന് ജോര്‍ദാനിലേക്ക് മടങ്ങുന്ന യാത്രാ സംഘത്തിന് കോവിഡ് പരിശോധനയുടെ ഭാഗമായി ആര്‍ ടി പി സി ആര്‍ ടെസ്റ്റ് നടത്തേണ്ടി വന്നു.
പരാതിക്കാരന്‍ ഉള്‍ക്കൊള്ളുന്ന 7 പേര്‍ക്ക് കോവിഡ് പോസിറ്റീവായി. ഇവരുടെ യാത്ര മാറ്റിവെച്ച് ജോര്‍ദാനില്‍ ആരോഗ്യ വകുപ്പിന്റെയും പോലീസിന്റെയും നിരീക്ഷണത്തില്‍ ക്വാറന്റയിനില്‍ കഴിയേണ്ടി വന്നു. പരാതിക്കാരന്റെ ഭാര്യ ഉള്‍പ്പെടെയുള്ളവര്‍ ഉള്ള സംഘം യാത്ര പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങി. ടെസ്റ്റ് നെഗറ്റീവ് ആകുന്നതുവരെ പരാതി പരാതിക്കാരന്‍ ഉള്‍ക്കൊള്ളുന്ന യാത്രാ സംഘത്തിന് അവിടെ കഴിയേണ്ടി വന്നു. ജനുവരി 30ന് ഇവര്‍ വിമാനമാര്‍ഗ്ഗം കൊച്ചിയിലെത്തി. ഇങ്ങനെ എത്തിയവര്‍ക്ക് ടൂര്‍ ഓപ്പറേറ്റര്‍ 24 ,500/ രൂപ അധികമായി ഈടാക്കി. വിമാന യാത്ര കൂലി, ഹോട്ടല്‍ താമസം, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ എന്ന ഇനത്തിലാണ് ഈ തുക. ഇന്‍ഷുറന്‍സ് തുക ഉള്‍പ്പെടെ ചോദിച്ചു കൊണ്ട് പരാതിക്കാരന്‍ കമ്പനിയെ സമീപിച്ചെങ്കിലും അപേക്ഷ നിരസിക്കുകയാണ് ഇന്‍ഷുറന്‍സ് കമ്പനി ചെയ്തത്. 2022 ഫെബ്രുവരി 16 മുതല്‍ 27 ഫെബ്രുവരി വരെയാണ് ഇന്‍ഷുറന്‍സ് കവറേജ് ഉണ്ടായിരുന്നത്.
എന്നാല്‍ യാത്രയുടെ യഥാര്‍ത്ഥ തീയതി അതായിരുന്നില്ല. ഇതിന് ടൂര്‍ ഓപ്പറേറ്ററുടെ അശ്രദ്ധയാണ് കാരണം എന്നാണ്പരാതിക്കാരന്റെ വാദം. ടൂര്‍ ഓപ്പറേറ്ററില്‍ നിന്ന് നഷ്ടപരിഹാരം ചോദിച്ചുകൊണ്ടാണ് ഉപഭോക്തൃ കോടതിയെ സമീപിച്ചത്. 70 വയസ്സുള്ള പരാതിക്കാരന് ഇന്‍ഷുറന്‍സ് കവറേജ് കിട്ടാനുള്ള യോഗ്യത ഇല്ലെങ്കിലും ടൂര്‍ ഓപ്പറേറ്ററുടെ ശ്രമഫലമായിട്ടാണ് ഇന്‍ഷൂറന്‍സ് പോളിസി ലഭ്യമാക്കിയതെന്ന് എതിര്‍കക്ഷി ബോധിപ്പിച്ചു. പരാതിക്കാരന്‍ കോവിഡ് ബാധിതന്‍ ആയതുകൊണ്ടാണ് യാത്ര സംഘത്തോടൊപ്പം വരാന്‍ കഴിയാതിരുന്നത്. അതുകൊണ്ട് പുതിയ വിമാന ടിക്കറ്റ് എടുക്കേണ്ടി വന്നു. അതാണ് അധിക തുക വാങ്ങാന്‍ കാരണം .
ഇന്‍ഷുറന്‍സ് രേഖകളിലെ യാത്രാ തീയതിയിലുള്ള വൈരുദ്ധ്യമാണ് ഇന്‍ഷുറന്‍സ് തുക നിരസിക്കാനുള്ള കാരണം. അതിനുത്തരവാദി എതിര്‍കക്ഷിയല്ലെന്നും ഇന്‍ഷുറന്‍സ് കമ്പനി മാത്രമാണെന്നും അവര്‍ ബോധിപ്പിച്ചു.
'70 വയസ്സിനു മേലുള്ള മുതിര്‍ന്ന പൗരന് ടൂര്‍ ഓപ്പറേറ്ററുടെ അശ്രദ്ധ മൂലം വലിയ മന:ക്ലേശവും ധനനഷ്ടവും ശാരീരിക ബുദ്ധിമുട്ടും നേരിടേണ്ടിവന്നു. പരാതിക്കാരന് അവകാശപ്പെട്ട ഇന്‍ഷൂറന്‍സ് തുക നിഷേധിക്കപ്പെട്ടതിനു കാരണം എതിര്‍ കക്ഷിയുടെ ഭാഗത്തുള്ള സേവനത്തിനുള്ള അപര്യാപ്തതയാണ്. അതുകൊണ്ടുതന്നെ നഷ്ടപരിഹാരം ലഭിക്കാനുള്ള അവകാശം ഉപഭോക്താവിനുണ്ടെന്ന് ഡി ബി ബിനു അധ്യക്ഷനും, വി. രാമചന്ദ്രന്‍, ടി.എന്‍ ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ബഞ്ച് വ്യക്തമാക്കി.
15,000/ രൂപ നഷ്ടപരിഹാരം, 10,000/ രൂപ കോടതി ചെലവ്, അധികമായി പരാതിക്കാരന് ചിലവാക്കേണ്ടി വന്ന 49,500/ രൂപ ഉള്‍പ്പെടെ 74,500/ രൂപ 45 ദിവസത്തിനകം പരതികാരന് നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി എതിര്‍കക്ഷിക്ക് നിര്‍ദേശം നല്‍കി.




