പത്തനംതിട്ട: മുന്‍വിരോധം കാരണം മാരകായുധങ്ങള്‍ ഉപയോഗിച്ച് തലയടിച്ച് തകര്‍ത്ത കേസില്‍ മൂന്ന് പ്രതികള്‍ക്ക് 20 വര്‍ഷം വീതം കഠിനതടവും 45000 രൂപ വീതം പിഴയും ശിക്ഷ വിധിച്ച് അഡിഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് കോടതി മൂന്ന് ജഡ്ജി ഡോ. പി കെ ജയകൃഷ്ണന്‍.

തണ്ണിത്തോട് പോലീസ് 2017 ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ ഒന്നുമുതല്‍ മൂന്നുവരെ പ്രതികളായ തണ്ണിത്തോട് മണ്ണിറ നെടുമ്പുറത്ത് വീട്ടില്‍ ബിനോയ് മാത്യു( 50), മേക്കണ്ണം കൊടുംതറ പുത്തന്‍വീട്ടില്‍ ലിബിന്‍ കെ. മത്തായി(29), സഹോദരന്‍ എബിന്‍ കെ. മത്തായി (28) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. മണ്ണീറ പറങ്കിമാവിള വീട്ടില്‍ സാബു (33) വിനെയാണ് ജോലി കഴിഞ്ഞു വീട്ടിലേക്കുള്ള യാത്രയ്ക്കിടെ 2017 മാര്‍ച്ച് 31 ന് വൈകിട്ട് 5.30 ന് ഈറച്ചപ്പാത്തില്‍ വച്ച് പ്രതികള്‍ ആക്രമിച്ച് മാരകമായി പരുക്കേല്‍പ്പിച്ചത്.

ലിവര്‍ സ്പാനര്‍, ഇരുമ്പുകമ്പി, തടികഷ്ണം എന്നീ മാരകായുധങ്ങള്‍ കൊണ്ട് തലയ്ക്കടിച്ചതിനെ തുടര്‍ന്ന് തലയോട്ടിക്ക് ഗുരുതര പരുക്കു പറ്റി. തോളിലും പരുക്കേറ്റു. വഴിയാത്രക്കാരാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. പ്രതികള്‍ പിഴ അടയ്ക്കുന്നെങ്കില്‍ ഒരു ലക്ഷം രൂപ സാബുവിന് നല്‍കാനും വിധിച്ചു. അടയ്ക്കുന്നില്ലെങ്കില്‍ 15 മാസത്തെ അധികതടവ് അനുഭവിക്കണം.

പ്രോസിക്യൂഷന് വേണ്ടി അഡിഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ബി. ബിന്നി കോടതിയില്‍ ഹാജരായി. തണ്ണിത്തോട് എസ്.ഐ ആയിരുന്ന എ.ആര്‍. ലീലാമ്മ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയും എസ്.ഐ.ബീനാ ബീഗം അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. പ്രോസിക്യൂഷന്‍ നടപടികളില്‍ എസ് സി പി ഓ കിരണ്‍ പങ്കാളിയായി.