കൊച്ചി: കേരള സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ്പിന്റെ ഗുണഭോക്താക്കള്‍ക്ക് ഇന്‍ഷുറന്‍സ് കമ്പനിയുടെ ആഭ്യന്തര പരാതി പരിഹാര സംവിധാനം ഉപയോഗിക്കാതെ നേരിട്ട് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ സമീപിക്കാന്‍ അവകാശമുണ്ടെന്ന് സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ക മ്മീഷന്റെ ഉത്തരവ് ചോദ്യംചെയ്തു സമര്‍പ്പിച്ച ഹര്‍ജി സംസ്ഥാന കമ്മീഷന്‍ തള്ളിക്കളഞ്ഞത്.

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആരംഭിച്ചിട്ടുള്ള ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ്പുമായി ബന്ധപ്പെട്ട പരാതികള്‍, സര്‍ക്കാരും ഇന്‍ഷുറന്‍സ് കമ്പനിയുമായുള്ള കരാറിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ത്രിതല പരാതി പരിഹാര സംവിധാനത്തില്‍ പരിഹാരമായില്ലെങ്കില്‍ മാത്രം കോടതിയെ സമീപിക്കാന്‍ സാധിക്കു എന്ന നിബന്ധന ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനമാണെന്ന് എറണാകുളം ജില്ലാ കമ്മീഷന്‍ നേരത്തെ ഉത്തരവ് നല്‍കിയിരുന്നു. ഇതിനെതിരെ ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനി നല്‍കിയ അപ്പീല്‍ സമര്‍പ്പിച്ചത്.

മെഡിസെപ്പ് പ്രകാരം ഇന്‍ഷുറന്‍സ് ക്ലെയിം ലഭിച്ചില്ലെന്ന എറണാകുളം കറുകപ്പിള്ളി സ്വദേശിയും റിട്ടയേര്‍ഡ് ഹെഡ്മാസ്റ്ററുമായ സി.ഡി ജോയിയുടെ ഇന്‍ഷുറന്‍സ് ക്ലെയിം നിരസിച്ചതുമായി ബന്ധപ്പെട്ട് ജില്ലാ 2 മീഷനില്‍ നല്‍കിയ പരാതിയില്‍ സര്‍ക്കാരിന്റെ ആഭ്യന്തര പരാതി പരിഹാര സംവിധാനത്തില്‍ പോകാതെ തന്നെ നേരിട്ട് ഉപഭോക്തൃ കോടതിയെ സമീപിക്കാനാവില്ല എന്ന് ഇന്‍ഷുറന്‍സ് കമ്പനി വാദം ഉയര്‍ത്തി.

ഈ വാദം നിരാകരിച്ച എറണാകുളം ഉപഭോക്തൃ കോടതിയുടെ ഉത്തരവ് ശരി വച്ചുകൊണ്ടാണ് സംസ്ഥാന കമ്മീഷന്‍ പ്രസിഡണ്ട് ജസ്റ്റിസ് ബി സുധീന്ദ്രകുമാര്‍, ജുഡീഷ്യല്‍ അംഗം ഡി. അജിത് കുമാര്‍ എന്നിവരുടെ ബെഞ്ച് ഉത്തരവ് നല്‍കിയത്.

2019 ലെ ഉപഭോക്തൃ സംരക്ഷണ നിയമം വകുപ്പ് 100 പ്രകാരം ഏതൊരു ഉപഭോക്താവിനും സേവനത്തിലെ ന്യൂനതയും അധാര്‍മിക വ്യാപാര രീതിയും ചൂണ്ടിക്കാണിച്ചുകൊണ്ട് ഉപഭോക്തൃ കോടതികളെ സമീപിക്കാം എന്ന് ഉത്തരവില്‍ കോടതി വ്യക്തമാക്കി. പരാതിക്കാരന് വേണ്ടി അഡ്വ. മിഷാല്‍ എം ദാസന്‍ കോടതിയില്‍ ഹാജരായി.