- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കസെറ്റില്‍ അശ്ലീല ദൃശ്യങ്ങള്‍ ഉണ്ടോ എന്ന് മജിസ്‌ട്രേറ്റ് പരിശോധിച്ചില്ല; തെളിവുകള്‍ നേരിട്ട് പരിശോധിച്ച് ബോധ്യപ്പെടേണ്ടത് മജിസ്‌ട്രേറ്റിന്റെ ഉത്തരവാദിത്തമെന്ന് ഹൈക്കോടതി; 27 വര്‍ഷത്തിനു ശേഷം കോട്ടയം സ്വദേശിയായ കടയുടമ കുറ്റവിമുക്തന്‍
27 വര്‍ഷത്തിനു ശേഷം കോട്ടയം സ്വദേശിയായ കടയുടമ കുറ്റവിമുക്തന്‍
കോട്ടയം: ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ അശ്ലീല വിഡിയോ കസെറ്റുകള്‍ കടയില്‍ സൂക്ഷിച്ചു എന്ന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട കടയുടമയെ 27 വര്‍ഷത്തിനു ശേഷം ഹൈക്കോടതി കുറ്റവിമുക്തനാക്കി. കോട്ടയം കൂരോപ്പട സ്വദേശിയെയാണ് കുറ്റവിമുക്തനാക്കിയത്. കേസ് പരിഗണിച്ച മജിസ്‌ട്രേറ്റിന് പിടിച്ചെടുത്ത വിഡിയോ കസെറ്റുകളിലെ ദൃശ്യങ്ങള്‍ സ്വയം കണ്ട് ബോധ്യപ്പെടാന്‍ ബാധ്യതയുണ്ടായിരുന്നുവെന്നും, എന്നാല്‍ അപ്രകാരം ചെയ്യാത്തത് കേസിന്റെ സാധുതയെ ബാധിക്കുമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
1997-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോട്ടയം കൂരോപ്പടയിലെ കടയുടമയുടെ കൈവശം നിന്ന് പൊലീസ് 10 വിഡിയോ കസെറ്റുകള്‍ പിടിച്ചെടുത്തു. ഇവയില്‍ അശ്ലീല ദൃശ്യങ്ങളുണ്ടെന്നായിരുന്നു കണ്ടെത്തല്‍. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 292-ാം വകുപ്പ് പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. തുടര്‍ന്ന് കോട്ടയം മജിസ്‌ട്രേറ്റ് കോടതി ഇയാള്‍ക്ക് രണ്ട് വര്‍ഷം തടവും 2000 രൂപ പിഴയും വിധിച്ചു. ഈ വിധി ചോദ്യം ചെയ്ത് സെഷന്‍സ് കോടതിയെ സമീപിച്ചെങ്കിലും ശിക്ഷ ഒരു വര്‍ഷം തടവിലേക്കും 1000 രൂപ പിഴയിലേക്കും ചുരുക്കുക മാത്രമാണുണ്ടായത്.
തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ ഏഴ് സാക്ഷികള്‍ ഉണ്ടായിരുന്നെങ്കിലും, പിടിച്ചെടുത്ത കസെറ്റുകളിലെ ദൃശ്യങ്ങള്‍ നേരിട്ട് പരിശോധിക്കാതെയാണ് മജിസ്‌ട്രേറ്റ് വിധി പുറപ്പെടുവിച്ചതെന്ന പ്രതിഭാഗത്തിന്റെ വാദം ഹൈക്കോടതി ശരിവെച്ചു. സാക്ഷിമൊഴികള്‍ക്ക് പുറമെ, തെളിവുകള്‍ നേരിട്ട് പരിശോധിച്ച് ബോധ്യപ്പെടേണ്ടത് മജിസ്‌ട്രേറ്റിന്റെ ഉത്തരവാദിത്തമാണെന്നും, അപ്രകാരം ചെയ്യാത്തത് ഇന്ത്യന്‍ തെളിവു നിയമപ്രകാരം നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി. ഈ സാഹചര്യത്തില്‍, പ്രതിയെ എല്ലാ കുറ്റങ്ങളില്‍ നിന്നും വെറുതെ വിടുകയായിരുന്നു. 27 വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് കടയുടമയ്ക്ക് നീതി ലഭിച്ചത്.