- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓട്ടോയില്‍ നിന്ന് നിലവിളി ശബ്ദം; രക്ഷകരായി ബൈക്ക് യാത്രക്കാര്‍; പതിനഞ്ചുകാരിയെ തട്ടി കൊണ്ട് പോയി പീഡിപ്പിച്ച കേസ്; പ്രതിക്ക് പതിനെട്ട് വര്‍ഷം കഠിന തടവും തൊണ്ണൂറായിരം രൂപ പിഴയും
പീഡനക്കേസില്‍ പ്രതിക്ക് 18 വര്‍ഷം കഠിന തടവ്
തിരുവനന്തപുരം: പതിനഞ്ചുകാരിയെ തട്ടി കൊണ്ട് പോയി ഓട്ടോയ്ക്കുള്ളില്‍ വെച്ച് പീഡിപ്പിച്ച കേസില്‍ പ്രതിയായ ഷമീര്‍ (37)എന്ന ബോംബെ ഷമീറിനെ പതിനെട്ട് വര്‍ഷം കഠിന തടവിനും തൊണ്ണൂറായിരം രൂപ പിഴയ്ക്കും തിരുവനന്തപുരം പ്രത്യേക അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജ് അഞ്ചു മീര ബിര്‍ള ശിക്ഷിച്ചു. കുട്ടിക്ക് പിഴ തുകയും സര്‍ക്കാര്‍ നഷ്ട പരിഹാരവും നല്കണമെന്ന് വിധിയില്‍ പറയുന്നു.
2023, ഫെബ്രുവരി രണ്ടിന്, രാത്രി എട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ ചേച്ചി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ആയതിനാല്‍ കുട്ടി സഹായിക്കാന്‍ വന്നതാണ്. കുട്ടി മെഡിക്കല്‍ കോളേജിന് പുറത്ത് സാധനം വാങ്ങിക്കാന്‍ നില്‍ക്കുമ്പോള്‍ പ്രതി മൊബൈല്‍ നമ്പര്‍ ചോദിക്കുകയായിരുന്നു. കുട്ടി നല്‍കാന്‍ വിസമ്മതിച്ചപ്പോള്‍, കുട്ടിയുടെ കയ്യില്‍ പിടിച്ച് ഫോണ്‍ പിടിച്ചു വാങ്ങി പ്രതിയുടെ നമ്പറിലേയ്ക്ക് വിളിച്ചു നമ്പര്‍ കരസ്ഥമാക്കി.
കുട്ടിയും അമ്മൂമ്മയും കൂടി സെക്യൂരിറ്റി ഓഫീസില്‍ പരാതിപ്പെട്ടു. ഈ സമയം പ്രതി കുട്ടിയെ വിളിച്ചു പുറത്ത് വരാന്‍ പറഞ്ഞു. തന്റെ കയ്യില്‍ പിടിച്ചത് ചോദിക്കാനായി കുട്ടി പ്രതിയുടെ അടുത്തേയ്ക്ക് പോയപ്പോള്‍ പ്രതി കുട്ടിയെ ഓട്ടോയ്ക്കുള്ളില്‍ പിടിച്ച് കയറ്റി ഓട്ടോയുമായി ഒഴിഞ്ഞ സ്ഥലത്തേയ്ക്ക് തട്ടി കൊണ്ട് പോയി. തുടര്‍ന്ന് ഓട്ടോയ്ക്കുള്ളില്‍ വെച്ച് ഭീകരമായി പീഡിപ്പിച്ചു. കുട്ടി നിലവിളിച്ചപ്പോള്‍ അത് വഴി ബൈക്കില്‍ വന്ന രണ്ട് പേര്‍ ഇത് കണ്ടു. അവര്‍ ബൈക്ക് നിര്‍ത്തിയപ്പോള്‍ പ്രതി ഓട്ടോ എടുത്ത് കുട്ടിയുമായി പോയി.
ബൈക്കിലുള്ളവര്‍ കുട്ടിയെ രക്ഷപ്പെടുത്താന്‍ ഓട്ടോ പിന്തുടര്‍ന്നു. ഓട്ടോയില്‍ പിന്തുടര്‍ന്ന് വരവേ ബൈക്കിലൊരാള്‍ വഞ്ചിയൂര്‍ സ്റ്റേഷനില്‍ ഇറങ്ങി വിവരം പറയുകയും അടുത്തയാള്‍ ഓട്ടോയെ പിന്തുടര്‍ന്നു. ബൈക്ക് അയാളെ പിന്തുടരുന്നത് കണ്ട് പ്രതി കുട്ടിയെ തമ്പാനൂര്‍ ഇറക്കി വിട്ടിട്ട് ഓട്ടോയില്‍ രക്ഷപ്പെട്ടു. റോഡില്‍ നിന്ന് കുട്ടി പൊട്ടിക്കരയവേ ബൈക്കില്‍ പിന്തുടര്‍ന്നയാള്‍ കാര്യം ചോദിക്കുകയും പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു.
പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍.എസ്.വിജയ് മോഹന്‍ ഹാജരായി. മെഡിക്കല്‍ കോളേജ് സി.ഐ പി.ഹരിലാല്‍ ,എസ്.ഐ എ എല്‍ പ്രിയ എന്നിവരാണ് കേസ് അന്വേക്ഷിച്ചത്.




