പത്തനംതിട്ട: യുവാവിനെ കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ 14 വര്‍ഷം കഠിനതടവിനും രണ്ടു ലക്ഷം രൂപ പിഴയൊടുക്കാനും അഡീഷണല്‍ ഡിസിട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി രണ്ട് ശിക്ഷിച്ചു. മലയാലപ്പുഴ കരിമ്പാറമല വട്ടത്തകിടിയില്‍ ദീപു ആര്‍. ചന്ദ്ര(38) നെയാണ് അഡീഷണല്‍ ഡിസിട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി (രണ്ട്) ജഡ്ജ് കെ. വിഷ്ണു ശിക്ഷിച്ചത്. കരിമ്പാറമല സ്വദേശി അശ്വിനെയാണ് ആക്രമിച്ചത്.

കമ്പിവടി കൊണ്ടുള്ള അടിയേറ്റ് കണ്ണിന് താഴെയുള്ള അസ്ഥിക്കും താടിക്കും പൊട്ടല്‍ സംഭവിച്ചു. 2020 ല്‍ മലയാലപ്പുഴ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ദീപു ഭാര്യയെ ദേഹോപദ്രവം ഏല്പിക്കുന്ന വിവരം ഭാര്യയുടെ സഹോദരനെ അറിയിച്ചതിലും അശ്വിന്റെ വീടിന് മുന്‍വശമിരുന്ന ദീപു മദ്യപിക്കുന്നത് വിലക്കിയതിലുമുളള വിരോധമാണ് ആക്രമണത്തിന് പ്രേരിപ്പിച്ചത് എന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്.

ദേഹോപദ്രവമേല്പിച്ചതിന് രണ്ടു വര്‍ഷം കഠിനതടവും അസ്ഥിക്ക് പൊട്ടല്‍ സംഭവിച്ചതിന് ഏഴു വര്‍ഷം കഠിനതടവും രണ്ടു ലക്ഷം രൂപ പിഴയും വധശ്രമത്തിന് അഞ്ചു വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴ അടയ്ക്കാത്ത പക്ഷം ആറു മാസം കൂടി കഠിന തടവ് അനുഭവിക്കണം. പിഴത്തുക ഈടാക്കുന്ന പക്ഷം അത് അശ്വിന് നഷ്ടപരിഹാരമായി നല്‍കാനും കോടതി ഉത്തരവിട്ടു. തടവുശിക്ഷ ഒരേസമയം അനുഭവിച്ചാല്‍ മതി. മലയാലപ്പുഴ സബ്ഇന്‍സ്പെക്ടര്‍ ബെയ്സില്‍ രജിസ്റ്റര്‍ ചെയ്ത കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത് എസ്.ഐ ജി. സണ്ണിക്കുട്ടിയാണ്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് സ്‌കൂട്ടര്‍ അഡ്വ. അനില്‍കുമാര്‍ ഹാജരായി.പ്രോസിക്യൂഷന്‍ നടപടികള്‍ കോര്‍ട്ട് ലെയ്സണ്‍ ഓഫീസര്‍ എസ്. ഐ ബിനുകുമാര്‍ ഏകോപിപ്പിച്ചു.