കൂടല്‍ : വയോധികയെ ആക്രമിച്ച് സ്വര്‍ണ്ണമാല കവര്‍ന്നെടുത്ത കേസില്‍ പ്രതിയെ ശിക്ഷിച്ചു. കലഞ്ഞൂര്‍ , കഞ്ചോട് സ്വദേശിയായ പുത്തന്‍വീട്ടില്‍ അനൂപ് (23) നെ പത്തനംതിട്ട ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കാര്‍ത്തിക പ്രസാദ് ആണ് രണ്ടുവര്‍ഷം കഠിന തടവും 6000 രൂപ പിഴയും ശിക്ഷ വിധിച്ചത്.

2025 ഏപ്രില്‍ 25 ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. അടുക്കളയില്‍ നിന്നും വീട്ടുമുറ്റത്തേക്ക് ഇറങ്ങുകയായിരുന്ന കലഞ്ഞൂര്‍ കഞ്ചോട് സ്വദേശിനി പുത്തന്‍പുരയ്ക്കല്‍ മേരിക്കുട്ടി മാത്യു ( 76) ന്റെ കഴുത്തില്‍ കിടന്ന രണ്ട് പവന്റെ സ്വര്‍ണ്ണമാല കവര്‍ന്നെടുക്കു കയായിരുന്നു. അന്നുതന്നെ പ്രതിയെ പിടികൂടിയ പോലീസ് ഒരു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ചു.

കൂടല്‍ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ അനില്‍കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ടെന്നിസണ്‍ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്. ഈ കേസിലെ പ്രതിയായ അനൂപ് നിരവധി കേസുകളില്‍ പ്രതിയും കാപ്പാക്കേസില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ള ആളുമാണ്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം ആര്‍ രാജ് മോഹന്‍ ഹാജരായി, സിവില്‍ പോലീസ് ഓഫീസര്‍ അര്‍ജുന്‍ പ്രോസിക്യൂഷന്‍ സഹായിയായി.